Thursday, February 19, 2026

അഖില്‍ മാരാര്‍ കൊല്ലത്ത് മത്സരിച്ചേക്കും; ട്വന്റി ട്വന്റി നേതാക്കളുമായി ചര്‍ച്ച നടത്തി

കൊല്ലം: സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖില്‍ മാരാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായും കൊല്ലം ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായേക്കുമെന്നും സൂചന. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ട്വന്റി ട്വന്റി നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അഖില്‍ മാരാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, പാര്‍ട്ടി നേതൃത്വമാണ് ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം നടത്തേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

അഖില്‍ മാരാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ സജീവ പരിഗണന നല്‍കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. അഖിലിന് നിലവില്‍ പാര്‍ട്ടിയില്‍ അംഗത്വമില്ലെന്നും എന്നാല്‍ ചര്‍ച്ചകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എ ഘടകകക്ഷികളുമായി ആലോചിച്ച ശേഷമാകും ട്വന്റി ട്വന്റിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുകയെന്നും സാബു എം. ജേക്കബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരത്തെ കോണ്‍ഗ്രസ് അനുഭാവിയായിരുന്ന അഖില്‍ മാരാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. അഖിലിന്റെ ജനപ്രീതിയും കൊല്ലത്തുള്ള സ്വാധീനവും കണക്കിലെടുത്ത് ബി.ജെ.പി നേതൃത്വവും അദ്ദേഹത്തെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ബി.ജെ.പിയുടെ വാഗ്ദാനത്തോട് അഖില്‍ അനുകൂലമായല്ല പ്രതികരിച്ചത്. ഇതോടെയാണ് അഖില്‍ ട്വന്റി ട്വന്റിയുമായി കൂടുതല്‍ അടുത്തതെന്നാണ് സൂചന.

കൊല്ലത്ത് അഖില്‍ മാരാര്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ അത് ജില്ലയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ കൂടുതല്‍ പ്രവചനാതീതമാക്കും. സിനിമയ്ക്കും രാഷ്ട്രീയത്തിനും പുറമെ വലിയൊരു ആരാധകവൃന്ദമുള്ള അഖിലിന്റെ വരവ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളിയായേക്കും. വരും ദിവസങ്ങളില്‍ പാര്‍ട്ടിയംഗത്വം സ്വീകരിക്കുന്നതോടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!