ഓട്ടവ : കുപ്രസിദ്ധ മയക്കുമരുന്ന് തലവന്‍ നെമെസിയോ ഒസെഗുര സെര്‍വാന്‍റസിനെ(എല്‍ മെന്‍ചോ) കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മെക്സിക്കോയിൽ നിരവധി കനേഡിയൻ പൗരന്മാർ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. നിലവിൽ ഇരുപത്തിയാറായിരത്തിലധികം കനേഡിയൻ പൗരന്മാർ ഫെഡറൽ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം ഗ്ലോബൽ അഫയേഴ്സ് കാനഡയുമായി ബന്ധപ്പെട്ട എണ്ണായിരത്തിലധികം പേർ ഇതിൽ ഉൾപ്പെടുന്നുണ്ട്.

മെക്സിക്കൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായും വരും ദിവസങ്ങളിൽ രാജ്യത്തെ സ്ഥിതി സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായും അനിത ആനന്ദ് പറഞ്ഞു. എന്നാൽ കനേഡിയൻ പൗരന്മാർ ഗ്ലോബൽ അഫയേഴ്സ് കാനഡ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിത സ്ഥലത്ത് അഭയം തേടണമെന്നും അവർ അഭ്യർത്ഥിച്ചു. ഫെഡറൽ സർക്കാരിൽ നിന്നും സഹായവും മറ്റു വിവരങ്ങളും ലഭിക്കുന്നതിന് മെക്സിക്കോയിലെ എല്ലാ കനേഡിയൻ പൗരന്മാരും രജിസ്റ്റർ ചെയ്യണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഹാലിസ്‌കോ, പ്യൂര്‍ട്ടോ വല്ലാര്‍ട്ട, ഗ്വാഡലഹാര തുടങ്ങി മയക്കുമരുന്ന് കാര്‍ട്ടലുകള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ശ്രദ്ധ പുലർത്തണം.
