Monday, February 23, 2026

ആന്റണി വർഗീസിന്റെ ‘കാട്ടാളൻ’ വരുന്നു; മെയ് മാസത്തിൽ വേൾഡ് റിലീസ്

ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കാട്ടാളൻ’ ചിത്രീകരണം പൂർത്തിയായി. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 140 ദിവസത്തോളം നീണ്ടുനിന്ന മാരത്തോൺ ഷൂട്ടിംഗിന് ശേഷമാണ് ചെന്നൈയിൽ പായ്ക്കപ്പായത്. തായ്‌ലൻഡിൽ ആരംഭിച്ച് ഇടുക്കി, തേനി, പൂന, മുംബൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ഈ സിനിമ, കാടിനോടും മൃഗങ്ങളോടും സാഹസികമായി പോരാടുന്ന ഒരു യുവാവിന്റെ കഥയാണ് പറയുന്നത്.

അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം മുടക്കുമുതലിലും സാങ്കേതിക മികവിലും ഏറെ മുന്നിലാണ്. ലോകപ്രശസ്ത ആക്ഷൻ കോറിയോഗ്രാഫർ കെംബ കൊച്ചടക്കിയും പ്രശസ്ത സംഗീത സംവിധായകൻ അജനീഷ് ലോകനാഥും ചിത്രത്തിനായി ഒന്നിക്കുന്നു. ഉണ്ണി ആർ. സംഭാഷണമൊരുക്കുന്ന ചിത്രത്തിൽ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ആക്ഷൻ, വയലൻസ് രംഗങ്ങൾ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കഥാപാത്രമായാണ് ഇതിലെ ‘ആന്റണി’ വിലയിരുത്തപ്പെടുന്നത്.

ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ തുടങ്ങിയ വൻ താരനിരയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രമുഖരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. മെയ് മാസത്തിൽ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!