Tuesday, February 24, 2026

തഹവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ

ഓട്ടവ : കനേഡിയൻ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ നടപടികൾ ആരംഭിച്ച് ഫെഡറൽ സർക്കാർ. കാർണി ഫെബ്രുവരി 26-ന് ഇന്ത്യയിലെത്താനിരിക്കെയാണ് നയതന്ത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ നീക്കം പുറത്തുവരുന്നത്. 2008-ലെ 26/11 മുംബൈ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന 65 വയസ്സുകാരനായ റാണ നിലവിൽ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ്.

പൗരത്വം നേടുന്നതിനായി താമസരേഖകളിൽ തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ കബളിപ്പിച്ചു എന്നതാണ് റാണയ്ക്കെതിരെയുള്ള പ്രധാന കണ്ടെത്തൽ. 1997-ൽ കാനഡയിലേക്ക് കുടിയേറിയ ഇയാൾ, പൗരത്വത്തിനായി അപേക്ഷിച്ച സമയത്ത് നാല് വർഷത്തോളം ഓട്ടവയിലും ടൊറന്റോയിലും താമസിച്ചിരുന്നുവെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ആർസിഎംപി നടത്തിയ അന്വേഷണത്തിൽ ഈ കാലയളവിൽ റാണ ഭൂരിഭാഗവും അമേരിക്കയിലെ ഷിക്കാഗോയിലായിരുന്നുവെന്ന് വ്യക്തമായി. ആസൂത്രിതമായ വഞ്ചനയിലൂടെയാണ് പൗരത്വം നേടിയതെന്ന് വ്യക്തമാക്കിയ ഇമിഗ്രേഷൻ വകുപ്പ്, റാണയ്ക്ക് ഇത് സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് നൽകിക്കഴിഞ്ഞു.

അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടതിനെത്തുടർന്ന് 2025 ഏപ്രിൽ പത്തിനാണ് ദേശീയ അന്വേഷണ ഏജൻസി റാണയെ അറസ്റ്റ് ചെയ്തത്. നിലവിൽ കാനഡയിലെ ഫെഡറൽ കോടതിയുടെ പരിഗണനയിലുള്ള ഈ കേസ്, പൗരത്വ നിയമത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിന് അത്യാവശ്യമാണെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു. പൗരത്വം റദ്ദാക്കാനുള്ള ഈ നീക്കം ഭീകരവാദത്തോടുള്ള കാനഡയുടെ കർക്കശമായ നിലപാടായി വിലയിരുത്തപ്പെടുന്നതിനൊപ്പം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയും ചെയ്യും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!