ഫ്രെഡറിക്ടൺ : ന്യൂബ്രൺസ്‌വിക്കിലെ പൊതു സർവകലാശാലകൾക്ക് സർക്കാർ നൽകുന്ന പ്രവർത്തന ഗ്രാൻ്റുകളിൽ കുറവുണ്ടാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സൂസൻ ഹോൾട്ട് സർക്കാരുമായി സർവകലാശാലാ അധികൃതർ ചർച്ചകൾ നടത്തിവരികയാണ്. നിലവിൽ അന്തിമ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെങ്കിലും, ബജറ്റ് വെട്ടിക്കുറയ്ക്കൽ സംബന്ധിച്ച ചർച്ചകൾ ക്യാമ്പസുകളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
വരാനിരിക്കുന്ന ബജറ്റിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകളോടും 10 മുതൽ 15 ശതമാനം വരെ ചിലവ് കുറയ്ക്കാൻ പ്രീമിയർ സൂസൻ ഹോൾട്ട് നിർദ്ദേശിച്ചതായി സെൻ്റ് തോമസ് സർവകലാശാലാ പ്രസിഡന്റ് ഡോ. എം. നൗമാൻ ഫാറൂഖി ജീവനക്കാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഭാവിക്ക് തിരിച്ചടിയാകുമെന്നും സർക്കാർ സാഹചര്യം മനസ്സിലാക്കണമെന്നും അദ്ദേഹം ചർച്ചകളിൽ ആവശ്യപ്പെട്ടു.

സർവകലാശാലകൾക്ക് നിശ്ചിത ശതമാനം കുറവ് വരുത്താൻ ഔദ്യോഗികമായി നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ജീൻ ക്ലോഡ് ഡി അമൂർസ് അറിയിച്ചു. എന്നാൽ പ്രവർത്തന രീതികളിൽ മാറ്റം വരുത്തി സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രോപ്പർട്ടി ടാക്സ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയിലുണ്ടെന്നും പരിഹാരങ്ങൾ കണ്ടെത്താൻ സർവകലാശാലകളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ന്യൂബ്രൺസ്‌വിക്കിലെ നാല് പൊതു സർവകലാശാലകളും പ്രവിശ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 33 കോടി ഡോളറിൻ്റെ വാർഷിക സംഭാവന നൽകുന്നുണ്ടെന്ന് അസോസിയേഷൻ ഓഫ് അറ്റ്‌ലാൻ്റിക് യൂണിവേഴ്‌സിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ഹാൽപിൻ ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നതിന് ആഴ്ചകൾക്ക് മുൻപ് ഇത്തരമൊരു വെട്ടിക്കുറയ്ക്കൽ ചർച്ച ചെയ്യുന്നത് ആസൂത്രണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യയുടെ ബജറ്റ് മാർച്ച് 17-ന് അവതരിപ്പിക്കും.
