ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഇസ്രയേലില്‍ എത്തും. പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 2017-ലെ ചരിത്രപരമായ സന്ദര്‍ശനത്തിന് ശേഷം ഒന്‍പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് പ്രധാനമന്ത്രി വീണ്ടും ഇസ്രയേലില്‍ എത്തുന്നത്.
പ്രതിരോധം, സുരക്ഷ, തൊഴില്‍, വാണിജ്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ധാരണാപത്രങ്ങളില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇസ്രയേലിന്റെ വിഖ്യാതമായ ‘അയേണ്‍ ഡോം’ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയുടെ പരിഗണനയിലുണ്ട്. കൂടാതെ, ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കുന്ന ‘ആരോ’, മധ്യദൂര മിസൈല്‍ പ്രതിരോധത്തിനുള്ള ‘ഡേവിഡ്സ് സ്ലിങ്’ എന്നിവയെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നേക്കും. കഴിഞ്ഞ നവംബറില്‍ പ്രതിരോധ സെക്രട്ടറി ആര്.കെ. സിങ് നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനം ഈ ചര്‍ച്ചകള്‍ക്ക് മുന്നോടിയായിരുന്നു.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള പങ്കാളിത്തത്തിലെ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ശാസ്ത്ര-സാങ്കേതിക വിദ്യ, നവീകരണം, സമ്പദ്വ്യവസ്ഥ തുടങ്ങിയ മേഖലകളിലെ പുതിയ അവസരങ്ങളും ആഗോള വിഷയങ്ങളും ചര്‍ച്ചാവിഷയമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ആദ്യഘട്ട ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സമയക്രമത്തെച്ചൊല്ലി പാര്‍ലമെന്ററി സമിതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യുഎസ് ആക്രമണ ഭീഷണിയെത്തുടര്‍ന്ന് ഇറാനിലുള്ള ഇന്ത്യക്കാരോട് മടങ്ങാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇസ്രയേല്‍ സന്ദര്‍ശനം നടത്തുന്നത് ഉചിതമാണോ എന്നാണ് ചില അംഗങ്ങള്‍ ചോദ്യം ചെയ്യുന്നത്. എങ്കിലും, തന്ത്രപ്രധാനമായ മേഖലകളില്‍ ഇസ്രയേലുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്.
