Wednesday, February 25, 2026

മത്സരിക്കാൻ ഒരുങ്ങി 50 സിപിഎം എം.എൽ.എമാർ; പിണറായി അടക്കം സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിന്‌

തിരുവനന്തപുരം: രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കണമെന്ന നിലപാട്‌ മാറ്റിയതോടെ സെക്രട്ടേറിയറ്റംഗങ്ങളിൽ ഭൂരിപക്ഷവും മത്സരിക്കും. സി.പി.എമ്മിന്റെ നിലവിലുള്ള 62 എം.എൽ.എ.മാരിൽ 50 പേരും മത്സരിക്കും. സ്ഥാനാർഥിനിർണയം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി സംസ്ഥാന കമ്മിറ്റി യോഗം ഈയാഴ്ച ചേരുന്നുണ്ട്‌.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെ 17 പേരാണ് സി.പി.എം. സെക്രട്ടേറിയറ്റിലുള്ളത്. ഇതിൽ നാലുപേരൊഴികെ, 13 പേരും മത്സരിക്കും. സംസ്ഥാന സെക്രട്ടറിയുടെ പദവി വഹിക്കുന്നതിനാൽ എം.വി. ഗോവിന്ദൻ മത്സരിക്കാനിറങ്ങില്ല. ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെയും ഒഴിവാക്കും. കഴിഞ്ഞതവണ കേരളാ കോൺഗ്രസ്-എമ്മിന് അവസാന നിമിഷം കുറ്റ്യാടി സീറ്റ് നിഷേധിക്കപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഇത്തവണ പേരാമ്പ്ര നൽകാനും സാധ്യതയുണ്ട്‌. രണ്ടു ടേം വ്യവസ്ഥയിൽ കഴിഞ്ഞതവണ മാറ്റിനിർത്തപ്പെട്ട ടി.എം. തോമസ് ഐസക് ഇത്തവണ സ്ഥാനാർഥിയാവും. കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.കെ. ബിജു, എം. സ്വരാജ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, എം.വി. ജയരാജൻ എന്നിവരെ പാർട്ടി രംഗത്തിറക്കുന്നുണ്ട്.

സിറ്റിങ് എം.എൽ.എ.മാരിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് (തളിപ്പറമ്പ്) പുറമെ, കാസർകോട് ജില്ലാ സെക്രട്ടറി എം. രാജഗോപാൽ (തൃക്കരിപ്പൂർ), എം.എം. മണി (ഉടുമ്പൻചോല), നടൻ എം. മുകേഷ് (കൊല്ലം), യു. പ്രതിഭ (കായംകുളം), ദലീമ (അരൂർ), എ.സി. മൊയ്തീൻ (കുന്ദംകുളം) എന്നിവർ മത്സരിക്കില്ലെന്നറിയുന്നു. തിരുവനന്തപുരം സി.പി.എം. ജില്ലാസെക്രട്ടറിയായതിനാൽ വർക്കല എം.എൽ.എ. വി. ജോയി മാറേണ്ടതാണെങ്കിലും വിജയസാധ്യത പരിഗണിച്ച്‌ മത്സരിപ്പിക്കാൻ ആലോചന നടക്കുന്നുണ്ട്. നേമത്ത് ബി.ജെ.പി. കടുത്ത വെല്ലുവിളി ഉയർത്തുന്നതിനാൽ അനാരോഗ്യമുണ്ടെങ്കിലും വി. ശിവൻകുട്ടിക്കാണ് മുൻതൂക്കം. കഴക്കൂട്ടത്തും ബി.ജെ.പി.ഭീഷണി മറികടക്കാൻ കടകംപള്ളി സുരേന്ദ്രൻ വേണമെന്ന് ചർച്ചയുണ്ടെങ്കിലും ശബരിമലക്കേസ്‌ ഉള്ളതിനാൽ പുനരാലോചിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!