തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി രണ്ട് പവന് സ്വര്‍ണം സംഭാവന നല്‍കിയെന്ന് നടന് മോഹന്‍ലാലിന്റെ മൊഴി. വിജിലന്‍സ് രേഖപ്പെടുത്തിയ മൊഴിയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണം സുഹൃത്ത് വഴിയാണ് ശബരിമലയില്‍ എത്തിച്ചതെന്നും സുരേഷ് ഗോപിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ സ്വര്‍ണം നല്‍കിയതെന്നും മോഹന്‍ലാല്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ മോഹന്‍ലാലിനൊപ്പം നടന് ദിലീപിന്റെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.
കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സ്വര്‍ണം നല്‍കിയതില്‍ തിരിമറി നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് താരങ്ങളുടെ മൊഴി എടുത്തത്. നടന് സുരേഷ് ഗോപിയുടെ മൊഴിയും നേരത്തെ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം സംഭാവന ചെയ്യാന്‍ താന്‍ ചില താരങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ പലരും സ്വര്‍ണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു. ഏകദേശം 27 പേരാണ് കൊടിമരത്തിനായി സ്വര്‍ണം നല്‍കിയിട്ടുള്ളതെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

ഓരോ വ്യക്തിയും എത്രത്തോളം സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ വിജിലന്‍സ് പരിശോധന തുടരുകയാണ്. മൊത്തം ലഭിച്ച സ്വര്‍ണത്തിന്റെ അളവും രേഖകളില്‍ കാണിച്ചിട്ടുള്ള അളവും തമ്മില്‍ വ്യത്യാസമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചാല്‍ മാത്രമേ അഴിമതി നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ. ഇതിനായി കൂടുതല്‍ പേരുടെ മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തിയേക്കും.
