ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ മുന്‍ കോ-ഓര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍ശെല്‍വം (ഒപിഎസ്) ഔദ്യോഗികമായി ഡിഎംകെയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവായലത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. ഒപിഎസിനൊപ്പം അദ്ദേഹത്തിന്റെ മകന് പി. രവീന്ദ്രനാഥ് കുമാറും ഡിഎംകെയുടെ ഭാഗമായി. ഡിഎംകെ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച ഒപിഎസ്, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്റ്റാലിന് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ നാടകീയ നീക്കം. എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ബിജെപി സഖ്യത്തിനൊപ്പം നിന്ന ഒപിഎസ്, കഴിഞ്ഞ വര്‍ഷം ആ സഖ്യവും ഉപേക്ഷിച്ചിരുന്നു. എടപ്പാടി പളനിസ്വാമിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരിച്ചെത്താനുള്ള വഴികള്‍ അടഞ്ഞതോടെയാണ് അദ്ദേഹം ഡിഎംകെ നേതൃത്വവുമായി അടുക്കുന്നത്. ഡിഎംകെയില്‍ ചേരുന്നതിന്റെ ഭാഗമായി ഒപിഎസും അദ്ദേഹത്തിന്റെ അനുയായിയായ പി. അയ്യപ്പനും തങ്ങളുടെ എംഎല്‍എ സ്ഥാനങ്ങള്‍ രാജിവെച്ചു.

വരുന്ന തിരഞ്ഞെടുപ്പില്‍ ഒപിഎസ് തന്റെ തട്ടകമായ തേനി ജില്ലയിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് സൂചന. തമിഴ്നാടിന്റെ തെക്കന്‍ മേഖലകളില്‍ ശക്തമായ സ്വാധീനമുള്ള തേവര് വിഭാഗത്തിനിടയില്‍ ഒപിഎസിന്റെ സാന്നിധ്യം ഡിഎംകെയ്ക്ക് വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, പനീര്‍ശെല്‍വത്തിന്റെ കൂടുമാറ്റത്തെ അവസരവാദമെന്ന് വിളിച്ച് എഐഎഡിഎംകെ പരിഹസിച്ചു. ജയലളിതയുടെ വിശ്വസ്തനെന്ന് അവകാശപ്പെട്ടിരുന്ന വ്യക്തി അവരുടെ രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്നത് അണികളോടുള്ള വഞ്ചനയാണെന്ന് എഐഎഡിഎംകെ ഐടി വിങ് വിമര്‍ശിച്ചു.
