മുംബൈ: ഇന്ന് വ്യാപാരം ആരംഭിച്ചത് മുതല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി 25,300 പോയിന്റിന് താഴെയും സെന്‍സെക്‌സ് 81,700 പോയിന്റിന് താഴെയും എത്തിയതോടെ നിക്ഷേപകര്‍ ആശങ്കയിലായി. വ്യാപാരത്തിനിടെ നിഫ്റ്റി 0.80 ശതമാനവും സെന്‍സെക്‌സ് 0.70 ശതമാനവുമാണ് താഴ്ന്നത്. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ ഒരു ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലാണ്. ഐടിയും മീഡിയയും ഒഴികെയുള്ള മറ്റെല്ലാ മേഖലകളും കനത്ത വില്‍പന സമ്മര്‍ദ്ദത്തിലാണ്. എഫ്എംസിജി, റിയല്‍റ്റി, ഓട്ടോ, മെറ്റല്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ വലിയ തോതില്‍ തകര്‍ച്ച നേരിട്ടു.
വ്യക്തിഗത ഓഹരികളില്‍ ഭാരതി എയര്‍ടെലിന് വിദേശ ബ്രോക്കറേജ് ജെഫറീസ് ഉയര്‍ന്ന ലക്ഷ്യവില നിശ്ചയിച്ചെങ്കിലും ഓഹരി ഒരു ശതമാനത്തിലധികം താഴ്ന്ന് 1900 രൂപയ്ക്ക് താഴെയായി. ടാറ്റാ മോട്ടോഴ്‌സ്, ഗെയില്‍, കന്‍സായ് നെരോലാക് തുടങ്ങിയ ഓഹരികളിലും ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുതിയ റേറ്റിങുകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറില്‍ മൈക്രോഫിനാന്‍സ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്ന് ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് (9%), എല്‍ ആന്‍ഡ് ടി ഫിനാന്‍സ് (4%), ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (5%) എന്നിവയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. പ്രൊമോട്ടര്‍ ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിച്ചതിനെത്തുടര്‍ന്ന് വിശാല്‍ മെഗാ മാര്‍ട്ട് എട്ട് ശതമാനത്തോളം താഴോട്ട് പോയി.

കറന്‍സി, കമ്മോഡിറ്റി വിപണികളിലും കാര്യമായ മാറ്റങ്ങള്‍ പ്രകടമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ് 90.96 നിലവാരത്തിലെത്തി. എന്നാല്‍ സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടമാണ് പ്രകടമാകുന്നത്. കേരളത്തില്‍ പവന് 400 രൂപ വര്‍ധിച്ച് 1,18,480 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് സ്വര്‍ണവില ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5189 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. അതേസമയം, ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 70.72 ഡോളര്‍ എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം തുടരുന്നത്.
