മസ്‌കറ്റ്: ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള യാതൊരു വസ്തുക്കളും തങ്ങളുടെ കൈവശം വെയ്ക്കില്ലെന്ന് ഇറാന്‍ ഉറപ്പ് നല്‍കിയതായി ഒമാന്‍ വിദേശകാര്യ മന്ത്രി ബദര്‍ അല്‍ബുസൈദി അറിയിച്ചു. അമേരിക്കയുമായുള്ള ആണവകരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് മസ്‌കറ്റില്‍ നിന്നുള്ള ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. മുന്‍ പ്രസിഡന്റ് ഒബാമയുടെ കാലത്തുണ്ടായ ചര്‍ച്ചകളേക്കാള്‍ വലിയൊരു മുന്നേറ്റമാണിതെന്നും, അമേരിക്കയുമായുള്ള ഒത്തുതീര്‍പ്പ് കരാറിലേക്ക് എത്തുന്നതിലെ പ്രധാന വഴിത്തിരിവാണിതെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നയതന്ത്ര നീക്കങ്ങളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ചര്‍ച്ചകളില്‍ തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങളില്‍ ധാരണയാകാത്തതില്‍ താന്‍ സംതൃപ്തനല്ലെന്നും, ഇറാന്റെ ആണവ അഭിലാഷങ്ങള്‍ തടയാന്‍ കരാര്‍ സാധ്യമായില്ലെങ്കില്‍ സൈനിക നടപടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യുദ്ധത്തിന് തനിക്ക് താല്‍പ്പര്യമില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ അത് അനിവാര്യമായി വരുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസത്തിന് ഇതിനോടകം തന്നെ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.

മേഖലയില്‍ സംഘര്‍ഷസാധ്യത വര്‍ദ്ധിച്ചതോടെ ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാര്‍ക്കും അംബാസിഡര്‍ മൈക്ക് ഹക്കബി കര്‍ശന മുന്നറിയിപ്പ് നല്‍കി. അടിയന്തര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരൊഴികെ ബാക്കിയുള്ളവര്‍ എത്രയും വേഗം രാജ്യം വിടണമെന്നും, ജെറുസലേം, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അമേരിക്കന്‍ നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയതോടെ മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി നിഴലിക്കുകയാണ്.
