മിനസോട : കഴിഞ്ഞ മാസം ഐസിഇ വിരുദ്ധ പ്രക്ഷോഭത്തിനിടെ മിനസോടയിലെ പള്ളിയില്‍ പ്രതിഷേധിച്ച കേസിൽ 30 പേര്‍ക്കെതിരേ കൂടി കുറ്റം ചുമത്തിയതായി അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അറിയിച്ചു. ഐസിഇ വിരുദ്ധ പ്രതിഷേധക്കാര്‍ ആരാധന തടസ്സപ്പെടുത്തിയെന്നതാണ് കുറ്റം. ഇതിനകം 25 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധനാലയം ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും പാം ബോണ്ടി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധക്കാര്‍ക്കെതിരെ മതസ്വാതന്ത്ര്യത്തിനെതിരെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പള്ളിയുടെ മുന്‍വശത്തുള്ള പ്രധാന ഇടനാഴിയിലും പള്ളിക്കുള്ളിലും കയറി ഭീഷണിപ്പെടുത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുന്‍ സിഎന്‍എന്‍ പത്രപ്രവര്‍ത്തകന്‍ ഡോണ്‍ ലെമണ്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ നീതിന്യായ വകുപ്പ് നേരത്തെ കുറ്റം ചുമത്തിയിരുന്നു. ജനുവരി 18 ന് പ്രതിഷേധക്കാര്‍ മിനസോടയിലെ സെൻ്റ് പോള്‍സ് പള്ളിയില്‍ പ്രവേശിച്ച സംഭവത്തിലാണ് കേസ്. പാസ്റ്റര്‍മാരില്‍ ഒരാള്‍ ഐസിഇ ഫീല്‍ഡ് ഓഫീസിന്‍റെ ആക്ടിംഗ് ഡയറക്ടറാണെന്നു പറഞ്ഞ് പള്ളിയലെത്തിയ പ്രതിഷേധക്കാര്‍ പള്ളിക്കുള്ളില്‍ ‘ജസ്റ്റിസ് ഫോര്‍ റെനി ഗുഡ്’ എന്ന മുദ്രാവാക്യം വിളിച്ചു.
