വാഷിങ്ടണ്‍: ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, ഇറാനിലെ ഇസ്ലാമിക് ഭരണകൂടത്തിന്റെ അന്ത്യം കുറിച്ചുവെന്ന് പ്രഖ്യാപിച്ച് നാടുകടത്തപ്പെട്ട മുന്‍ കിരീടാവകാശി റെസ പഹ്ലവി രംഗത്തെത്തി. ഖമനയിയുടെ മരണം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അവസാനത്തിന്റെ തുടക്കമാണെന്നും അദ്ദേഹം ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയപ്പെട്ടുവെന്നും പഹ്ലവി വിശേഷിപ്പിച്ചു. തെരുവിലിറങ്ങി നിര്‍ണായകമായ ഒരു പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ അദ്ദേഹം ഇറാനിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. നമ്മുടെ കാലത്തെ ഏറ്റവും ഭയാനകനായ ഏകാധിപതിയും ഇറാന്റെ ധീരരായ മക്കളെ കൊന്നൊടുക്കിയയാളുമാണ് ഖമനയി എന്ന് വിശേഷിപ്പിച്ചുകൊണ്ട് തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
ഖമനയിയുടെ മരണത്തോടെ ഇസ്ലാമിക് റിപ്പബ്ലിക് യഥാര്‍ത്ഥത്തില്‍ അവസാനിച്ചുവെന്നും വൈകാതെ തന്നെ ഭരണകൂടം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുമെന്നും പഹ്ലവി കുറിച്ചു. ഖമനയിയുടെ പിന്‍ഗാമിയെ നിയമിക്കാനുള്ള ഏത് ശ്രമവും പരാജയപ്പെടുമെന്ന് അദ്ദേഹം ഭരണകൂട വിശ്വസ്തര്‍ക്ക് മുന്നറിയിപ്പ് നല്കി. ഏതൊരു പുതിയ വ്യക്തിക്കും നിയമസാധുതയോ ദീര്‍ഘായുസ്സോ ഉണ്ടാകില്ലെന്നും, അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരായി മാത്രമേ അവര്‍ കണക്കാക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വിലപിക്കാനുള്ള സമയമല്ല, മറിച്ച് ഇറാന്റെ ഭാവി സുരക്ഷിതമാക്കാനുള്ള സമയമാണെന്നാണ് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചത്.

ഇറാനിയന്‍ സൈന്യത്തെയും സുരക്ഷാ സേനയെയും നേരിട്ട് അഭിസംബോധന ചെയ്ത പഹ്ലവി, തകര്‍ന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് വ്യക്തമാക്കി. രാജ്യത്തിനൊപ്പം നില്‍ക്കാനുള്ള അവസാന അവസരമാണിതെന്നും സ്വതന്ത്രവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള ഇറാന്റെ സുസ്ഥിരമായ മാറ്റത്തിന് സഹായിക്കണമെന്നും അദ്ദേഹം സുരക്ഷാ സേനയോട് അഭ്യര്‍ത്ഥിച്ചു. ഇത് സേനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള അവസരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖമനയിയുടെ മരണം ഇരകളുടെ കുടുംബങ്ങളുടെ മുറിവുകള്‍ ഉണക്കുമെന്നും രാജ്യത്ത് ഒരു വലിയ ദേശീയ ആഘോഷത്തിന് തുടക്കമാകുമെന്നും പഹ്ലവി പ്രവചിച്ചു.
