ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസമായ മാര്‍ച്ച് ആരംഭിച്ചതോടെ രാജ്യത്ത് പാചകവാതക വിലയിലും യാത്രാ നിയമങ്ങളിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. എണ്ണക്കമ്പനികള്‍ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില വര്‍ദ്ധിപ്പിച്ചത് ഹോട്ടല്‍ ഭക്ഷണ നിരക്കുകളെ ബാധിച്ചേക്കാം. ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 28 രൂപയും മറ്റ് മെട്രോ നഗരങ്ങളില്‍ 31 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊല്‍ക്കത്തയില്‍ സിലിണ്ടര്‍ വില 1875.50 രൂപയായും ചെന്നൈയില്‍ 1929 രൂപയായും ഉയര്‍ന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ നിലവില്‍ മാറ്റമില്ല.

യാത്രാ നിരക്കുകള്‍ ഉയര്‍ന്നേക്കാം:
വിമാന ഇന്ധനത്തിന്റെ (ATF) വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. ഡല്‍ഹിയില്‍ കിലോലിറ്ററിന് 96,638.14 രൂപയായും മുംബൈയില്‍ 90,451.87 രൂപയായും ഇന്ധനവില ഉയര്‍ന്നു. ഇത് വരും ദിവസങ്ങളില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും. റെയില്‍വേ രംഗത്തും മാറ്റങ്ങള്‍ പ്രകടമാണ്; പഴയ UTS ആപ്പ് നിര്‍ത്തലാക്കി ടിക്കറ്റ് ബുക്കിംഗിനായി ‘റെയില്‍ വണ്‍’ (RailOne) എന്ന പുതിയ ആപ്പിലേക്ക് റെയില്‍വേ മാറുകയാണ്.
ടെലികോം, ബാങ്കിങ് നിയമങ്ങള്‍:
മൊബൈല്‍ ഉപയോക്താക്കള്‍ക്കായി ‘സിം ബൈന്‍ഡിംഗ്’ നിയമം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകള്‍ ഫോണിലുള്ള ആക്ടീവ് സിമ്മുമായി ബന്ധിപ്പിക്കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദ്ദേശിച്ചു. അല്ലാത്തപക്ഷം ആപ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. കൂടാതെ, ഈ മാസം ബാങ്കുകള്‍ക്ക് 18 ദിവസം അവധിയായിരിക്കും. ഹോളി, ഈദ്, രാമനവമി തുടങ്ങിയ ആഘോഷങ്ങളും വാരാന്ത്യ അവധികളും ചേരുന്നതിനാലാണിത്. ബാങ്ക് ഇടപാടുകള്‍ക്കായി പോകുന്നവര്‍ അവധി പട്ടിക പരിശോധിക്കുന്നത് ഉചിതമായിരിക്കും.
