ടെഹ്റാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ആഗോള സമ്പദ്വ്യവസ്ഥയുടെ ജീവനാഡിയായ ഹോര്‍മൂസ് കടലിടുക്കിലെ ചരക്ക് നീക്കം പൂര്‍ണ്ണമായും സ്തംഭനത്തിലേക്ക്. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് പ്രമുഖ കപ്പല്‍ കമ്പനികള്‍ യാത്ര റദ്ദാക്കിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ, പ്രകൃതിവാതക വിതരണം പ്രതിസന്ധിയിലായി. ഹോര്‍മൂസ് കടലിടുക്കില്‍ രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതായും ഇതില്‍ ഒരു കപ്പല്‍ പൂര്‍ണ്ണമായും മുങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതോടെ ചെങ്കടലിലെ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതവും പല കമ്പനികളും നിര്‍ത്തിവെച്ചു. വിതരണ ശൃംഖല തടസ്സപ്പെടുന്നത് രാജ്യാന്തര വിപണിയില്‍ എണ്ണവില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന ആശങ്കയിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.
ഹോര്‍മൂസ്, ചെങ്കടല്‍ മേഖലകളില്‍ കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. രണ്ട് ഫ്രഞ്ച് യുദ്ധക്കപ്പലുകള്‍ ഉടന്‍ മേഖലയിലെത്തുമെന്ന് ഫ്രാന്‍സ് അറിയിച്ചു. ഈ നീക്കത്തിന് യൂറോപ്യന്‍ യൂണിയന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനും ഒമാനും ഇടയിലുള്ള, വെറും 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മൂസ് കടലിടുക്ക് വഴി പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും ലോകത്തെ 20 ശതമാനം എല്‍എന്‍ജിയുമാണ് കടന്നുപോകുന്നത്. ഈ പാത പൂര്‍ണ്ണമായും തടയാനാണ് ഇറാന്റെ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ ആഗോള വിപണികളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.

അതേസമയം, സംഘര്‍ഷം മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ബഹ്റൈനിലെ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുണ്ടായിരുന്ന കപ്പലിന് മുകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് തീപിടിച്ച് ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെ ഇസ്രായേല്‍ ലെബനനിലേക്ക് മിസൈലുകള്‍ അയച്ചതും, ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ അമേരിക്ക ബി-2 ബോംബറുകള്‍ ഉപയോഗിച്ച് ആക്രമണം കടുപ്പിച്ചതും സ്ഥിതിഗതികള്‍ വഷളാക്കി. യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ സൈനിക നീക്കത്തിന് ബ്രിട്ടന്‍ തങ്ങളുടെ താവളങ്ങള്‍ വിട്ടുനല്‍കുമെന്ന് അറിയിച്ചതോടെ പശ്ചിമേഷ്യന്‍ മേഖല ഒരു വന്‍ യുദ്ധത്തിന്റെ നിഴലിലായിരിക്കുകയാണ്.
