വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം കടുക്കുന്നതിനിടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സേന ഇറാനില്‍ ആക്രമണം ശക്തമാക്കിയതോടെയാണ് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ധനയുണ്ടായത്. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 82 ഡോളര്‍ കടന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന് ഒറ്റയടിക്ക് 5.38 ഡോളറാണ് വര്‍ദ്ധിച്ചത്. ഇതോടെ 78.24 ഡോളറില്‍ നിന്നിരുന്ന വില 82.37 ഡോളറിലേക്ക് ഉയര്‍ന്നു. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയിലും 4.66 ഡോളറിന്റെ വര്‍ധന രേഖപ്പെടുത്തി 75.33 ഡോളറിലെത്തി.

അമേരിക്ക ഇറാനെതിരെ സൈനിക സന്നാഹം തുടങ്ങിയ ഘട്ടത്തില്‍ തന്നെ വിപണിയില്‍ അസ്ഥിരത പ്രകടമായിരുന്നു. എന്നാല്‍ യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ വില കുതിക്കുകയായിരുന്നു. ഇതിനിടെ, വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ ഒപെക് പ്ലസ് (OPEC+) തീരുമാനമെടുത്തത് വിലയില്‍ നേരിയ കുറവുണ്ടാകാന്‍ സഹായിച്ചിട്ടുണ്ട്. എങ്കിലും, ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെടുന്നത് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ഇന്ധനവില നിയന്ത്രണാതീതമായി ഉയര്‍ന്നേക്കുമെന്ന ആശങ്കയിലാണ് ആഗോള സാമ്പത്തിക രംഗം.
