Monday, March 2, 2026

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം

നിക്കോഷ്യ: സൈപ്രസിലെ ബ്രിട്ടീഷ് വ്യോമസേനാ താവളമായ റോയല്‍ എയര്‍ഫോഴ്‌സ് (RAF) ആക്രോട്ടിരിക്ക് നേരെ ഡ്രോണ്‍ ആക്രമണം. ഇറാനില്‍ നിന്നുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് താവളത്തില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും സൈനിക താവളത്തിന് പരിമിതമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബ്രിട്ടനുമായി ചേര്‍ന്ന് സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൈപ്രസ് ഗവണ്‍മെന്റ് വക്താവ് കോണ്‍സ്റ്റാന്റിനോസ് ലെറ്റിംബിയോട്ടിസ് അറിയിച്ചു.

ഇറാനെതിരായ സൈനിക നീക്കത്തിന് ബ്രിട്ടീഷ് താവളങ്ങള്‍ വിട്ടുനല്‍കുമെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണമെന്നത് ശ്രദ്ധേയമാണ്. സൈപ്രസിലെ ഈ താവളത്തില്‍ യുഎസ് സൈനികര്‍ക്കും സാന്നിധ്യമുണ്ട്. ഡ്രോണുകള്‍ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് സൈപ്രസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇറാന്‍ അനുകൂല ഗ്രൂപ്പുകളോ ഇറാനോ നേരിട്ടോ നടത്തിയ പ്രത്യാക്രമണമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അതേസമയം, ഇറാനെതിരായ യുദ്ധം നാലാഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ സൈനികരുടെ മരണത്തിന് ഏറ്റവും വലിയ പ്രഹരത്തിലൂടെ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വന്തം രാജ്യത്തിന്റെയും വരുംതലമുറയുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ വലിയ സൈനിക നടപടിയെന്നും, നിശ്ചയിച്ച സമയത്തിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും ട്രംപ് വാഷിംഗ്ടണില്‍ പറഞ്ഞു. സൈപ്രസിലെ താവളത്തിന് നേരെയുണ്ടായ ആക്രമണം പശ്ചിമേഷ്യയിലെ യുദ്ധം യൂറോപ്പിന്റെ അതിരുകളിലേക്ക് കൂടി വ്യാപിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!