പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നടനും സംവിധായകനുമായ രമേഷ് പിഷാരടി എത്തിയേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ അദ്ദേഹത്തിന്റെ പേര് കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും, അന്തിമ പട്ടികയില്‍ രമേഷ് പിഷാരടിക്കാണ് മുന്‍ഗണന ലഭിച്ചിരിക്കുന്നത്. സിനിമാ-ടെലിവിഷന്‍ രംഗത്തെ പിഷാരടിയുടെ ജനപ്രീതിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും മണ്ഡലം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
നിലവിലെ സാഹചര്യത്തില്‍ സിറ്റിംഗ് എംഎല്‍എമാരെല്ലാം മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനമെങ്കിലും പാലക്കാട്ടെ സ്ഥിതി വ്യത്യസ്തമാണ്. ബലാത്സംഗക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് പാലക്കാട് സിറ്റിംഗ് എംഎല്‍എയായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. രാഹുലിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും മണ്ഡലത്തില്‍ യുഡിഎഫിന് വെല്ലുവിളിയായ പശ്ചാത്തലത്തിലാണ്, മണ്ഡലം തിരിച്ചുപിടിക്കാന്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ നേതൃത്വം തേടിയത്. തൃപ്പൂണിത്തുറയില്‍ കെ. ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ അവിടെയും പിഷാരടിയുടെ പേര് ചര്‍ച്ചകളില്‍ വന്നിരുന്നു. എന്നാല്‍ പാലക്കാട് മത്സരിക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചതോടെ തൃപ്പൂണിത്തുറയിലെ ചര്‍ച്ചകള്‍ക്ക് വിരാമമായി.

മറ്റൊരു ചലച്ചിത്ര താരം ധര്മ്മജന് ബോള്‍ഗാട്ടിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ധര്മ്മജന് തന്നെ വ്യക്തമാക്കിയതോടെ ആ ചര്‍ച്ചകളും അവസാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ മുന്നണികള്‍ക്കിടയില്‍ സജീവമായി പുരോഗമിക്കുകയാണ്. രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
