Monday, March 2, 2026

പാക്കിസ്ഥാന് തിരിച്ചടി; നൂര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വ്യോമതാവളങ്ങള്‍ ആക്രമിച്ച് താലിബാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള തര്‍ക്കം ‘തുറന്ന യുദ്ധത്തിലേക്ക്’ വഴിമാറുന്നതിനിടെ, പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തി താലിബാന്‍. റാവല്‍പിണ്ടിയിലെ നൂര്‍ ഖാന്‍ എയര്‍ബേസ്, ക്വറ്റയിലെ പന്ത്രണ്ടാം കോര്‍പ്‌സ് ആസ്ഥാനം, ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ മൊഹ്‌മണ്ട് ഏജന്‍സിയിലെ സൈനിക താവളങ്ങള്‍ എന്നിവിടങ്ങളിലാണ് അഫ്ഗാന്‍ വ്യോമസേനയുടെ ഡ്രോണുകള്‍ പ്രഹരമേല്‍പ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അതിര്‍ത്തിയില്‍ തുടരുന്ന കനത്ത ഷെല്ലാക്രമണങ്ങള്‍ക്കും പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ക്കും മറുപടിയായാണ് ഈ നടപടിയെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ് പാക് സൈനിക കേന്ദ്രങ്ങളെ നടുക്കിയ സ്‌ഫോടനങ്ങള്‍ ഉണ്ടായത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രങ്ങളെയും കമാന്‍ഡ് സെന്ററുകളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് താലിബാന്‍ അവകാശപ്പെട്ടു. ഉന്നമിട്ട ലക്ഷ്യസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ കാബൂള്‍, ബഗ്രാം, കണ്ഡഹാര്‍ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ‘ഓപ്പറേഷന്‍ ഗസബ് ലില്‍ ഹഖ്’ എന്ന പേരില്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടി നല്‍കാനാണ് അതിര്‍ത്തി കടന്നുള്ള ഈ ഡ്രോണ്‍ ആക്രമണം സംഘടിപ്പിച്ചത്.

സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇരുഭാഗത്തും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ 400-ലധികം സൈനികരെ പാകിസ്ഥാന്‍ വധിച്ചതായി ഇസ്ലാമാബാദ് അവകാശപ്പെടുമ്പോള്‍, പാകിസ്ഥാന്റെ നിരവധി ചെക്ക് പോസ്റ്റുകള്‍ പിടിച്ചെടുത്തതായും 80-ഓളം പാക് സൈനികരെ വധിച്ചതായും താലിബാന്‍ വക്താക്കള്‍ തിരിച്ചടിച്ചു. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്റെ റഷ്യന്‍ സന്ദര്‍ശനം മാറ്റിവെച്ചിട്ടുണ്ട്. അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!