കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമാതിര്‍ത്തിയില്‍ അമേരിക്കയുടെ എഫ്-15 (F-15) യുദ്ധവിമാനം തകര്‍ന്നു വീണു. വിമാനം തകരുന്നതിന് തൊട്ടുമുന്‍പ് പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പരുക്കേറ്റ പൈലറ്റ് ഒരു കാറിനുള്ളില്‍ അഭയം തേടിയ നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൈലറ്റ് നിലവില്‍ സുരക്ഷിതനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയുടെ തന്നെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാകാം (Friendly Fire) വിമാനം തകരാന്‍ കാരണമെന്ന സംശയം ശക്തമാണ്. ലോകത്തിലെ ഏറ്റവും അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൊന്നായ പാട്രിയറ്റിന്, അതീവ ജാഗ്രതാ സാഹചര്യങ്ങളില്‍ സ്വന്തം വിമാനത്തെ തിരിച്ചറിയുന്നതില്‍ പിഴവ് സംഭവിച്ചതാകാമെന്ന് കരുതപ്പെടുന്നു. 2019-ല്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ മി-17 ഹെലികോപ്റ്റര്‍ സമാനമായ രീതിയില്‍ തകര്‍ക്കപ്പെട്ട സംഭവം ഈ അവസരത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

കുവൈറ്റിലെ അലി അല്‍ സലേം എയര്‍ബേസിന് 10 കിലോമീറ്റര്‍ പരിധിയിലാണ് വിമാനം തകര്‍ന്നുവീണതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. തീപിടിച്ച് കറങ്ങിവീഴുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മിന അല്‍ അഹമ്മദി റിഫൈനറിക്ക് ഉള്ളില്‍ പതിച്ചതായും രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായും കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇന്‍ഡസ്ട്രീസ് കമ്പനി (KIPIC) സ്ഥിരീകരിച്ചു. സംഭവത്തില്‍ അമേരിക്കന്‍ സൈന്യം ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
