ന്യൂഡല്‍ഹി: അതിര്‍ത്തികളിലെ സുരക്ഷാ കവചം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റഷ്യയുടെ പക്കല്‍ നിന്നും അഞ്ച് അധിക എസ്-400 സുദര്‍ശന്‍ വ്യോമ പ്രതിരോധ മിസൈല്‍ സ്‌ക്വാഡ്രണുകള്‍ കൂടി വാങ്ങാന്‍ ഇന്ത്യ പദ്ധതിയിടുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ‘ഓപ്പറേഷന്‍ സിന്ദൂരില്‍’ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഒന്നിലധികം പാകിസ്ഥാന്‍ വിമാനങ്ങളെ വിജയകരമായി തടഞ്ഞു വീഴ്ത്തിയതോടെ ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ പ്രഹരശേഷി തെളിയിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വ്യോമസേന സമര്‍പ്പിച്ച ഈ നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം ഉടന്‍ പരിഗണിക്കുമെന്നാണ് വിവരം.
മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിര്‍ണ്ണായക നീക്കം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഫെബ്രുവരി 28 മുതല്‍ മേഖലയില്‍ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളും ഇറാന്റെ തിരിച്ചടികളും തുടരുകയാണ്. ഇത്തരം ആഗോള സാഹചര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ കിഴക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സുരക്ഷാ യൂണിറ്റുകള്‍ വിന്യസിച്ച് വ്യോമ പ്രതിരോധ ശൃംഖല ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

നിലവില്‍ മൂന്ന് എസ്-400 സംവിധാനങ്ങളാണ് ഇന്ത്യയുടെ പക്കലുള്ളത്. 2018-ല്‍ റഷ്യയുമായി ഒപ്പിട്ട കരാര്‍ പ്രകാരം അഞ്ച് സ്‌ക്വാഡ്രണുകള്‍ക്കായി ഈ വര്‍ഷം അവസാനത്തോടെ രണ്ട് യൂണിറ്റുകള്‍ കൂടി സൈന്യത്തിന്റെ ഭാഗമാകും. ഇതിന് പുറമെയാണ് പുതിയ അഞ്ച് സ്‌ക്വാഡ്രണുകള്‍ കൂടി വാങ്ങാനുള്ള നീക്കം നടക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലോങ്ങ് റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ (SAM) സംവിധാനങ്ങളിലൊന്നായ എസ്-400, ശത്രു രാജ്യങ്ങളുടെ വിമാനങ്ങള്‍, ഡ്രോണുകള്‍, ബാലസ്റ്റിക് മിസൈലുകള്‍ എന്നിവയെ 400 കിലോമീറ്റര്‍ അകലെ വെച്ച് തന്നെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.
