Wednesday, March 4, 2026

‘നേരിട്ടുള്ള സംഭാഷണമാണ് ട്രംപിന് ഇഷ്ടം’; ലോകനേതാക്കളെക്കുറിച്ച് തുറന്നുപറഞ്ഞ് കാർണി

സിഡ്‌നി: സിഡ്‌നിയിൽ നടന്ന ഒരു അനൗദ്യോഗിക ചർച്ചയിൽ ആഗോള നേതാക്കളുമായുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ലോവി ഇൻസ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ഫുളിലോവുമായുള്ള സംഭാഷണത്തിനിടെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഇടപെടലുകളെക്കുറിച്ച് സൂചിപ്പിക്കവെ, പരസ്യമായി പറയുന്ന കാര്യങ്ങൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്താൻ സാധിക്കണമെന്നും എന്നാൽ സ്വകാര്യ സംഭാഷണങ്ങളിൽ ട്രംപ് മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നേരിട്ടുള്ള സംഭാഷണങ്ങളാണ് ട്രംപ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും കാർണി സംസാരിച്ചു. 2025 നവംബറിൽ നടന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ കൂടിക്കാഴ്ചയുടെ തുടക്കത്തിൽ തന്നെ വ്യക്തിപരമായ ഇടപെടലുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഷി വിശദമായി സംസാരിച്ചിരുന്നു. തന്നെ പരസ്യമായി ഉപദേശിക്കാൻ ശ്രമിക്കരുത് എന്ന സൂചനയാണ് തനിക്ക് ലഭിച്ചതെന്നും പ്രശ്നങ്ങൾ നേരിട്ട് ചർച്ച ചെയ്യാനാണ് അദ്ദേഹം താൽപ്പര്യപ്പെടുന്നതെന്നും കാർണി നിരീക്ഷിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വ്യത്യസ്തൻ’ എന്ന് വിശേഷിപ്പിച്ച കാർണി, കാൽനൂറ്റാണ്ടോളമായി ഒരു ദിവസം പോലും അവധിയെടുക്കാത്ത അദ്ദേഹത്തിന്റെ അധ്വാനശീലത്തെയും പ്രശംസിച്ചു. സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലാണ് മോദി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-കാനഡ ബന്ധത്തെക്കുറിച്ചും കാർണി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. തന്റെ ഇൻഡോ-പസഫിക് പര്യടനത്തിന്റെ ആദ്യ ഘട്ടമായി ഇന്ത്യ സന്ദർശിച്ച അദ്ദേഹം, ഈ വർഷം അവസാനത്തോടെ സമഗ്രമായ വ്യാപാര കരാറിൽ ഒപ്പിടുമെന്നും നരേന്ദ്ര മോദിയെ കാനഡയിലേക്ക് ക്ഷണിച്ചതായും അറിയിച്ചു. വിദേശ ഇടപെടലുകൾ, രാജ്യാന്തര അടിച്ചമർത്തലുകൾ, അതിർത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ കാനഡ ഇപ്പോൾ കൂടുതൽ ജാഗ്രതയുള്ളവരാണെന്നും കാർണി വ്യക്തമാക്കി. ജാഗ്രതയോടെയുള്ള ഇടപെടൽ എന്ന നയമാണ് കാനഡ ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!