മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്ററുമായ അർജുൻ ടെൻഡുൽക്കറും വ്യവസായി സാനിയ ചന്ദോക്കും വിവാഹിതരായി. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ബോളിവുഡ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അടുത്ത ബന്ധുക്കളുമാണ് പങ്കെടുത്തത്. ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ക്രിക്കറ്റ് തിരക്കുകൾ മാറ്റിവച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും കുടുംബവും ചടങ്ങിനെത്തി. മുംബൈയിലെ സെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ മുംബൈയിലെ ദ് സെന്റ് റെജിസ് ഹോട്ടലിലാണു താമസിക്കുന്നത്. ഇതേ ഹോട്ടലിൽ വച്ചാണ് അർജുന്റെ വിവാഹച്ചടങ്ങുകളും നടന്നത്. ഇത് ഇന്ത്യൻ താരങ്ങൾക്കുവിവാഹത്തിൽ പങ്കെടുക്കാൻ സൗകര്യമായി. അർജുന്റെ സഹോദരി സാറ ടെൻഡുൽക്കറുടെ അടുത്ത സുഹൃത്താണ് സാനിയ ചന്ദോക്ക്.

അണ്ടർ 19 ലെവിൽ അർജുൻ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയേയും പ്രതിനിധീകരിച്ചിട്ടുണ്ട്. ഐ.സി.സി ചെയർമാൻ ജയ് ഷാ, മുൻ ഇന്ത്യൻ ക്യാപ്റ്റനും കോച്ചുമായ രാഹുൽ ദ്രാവിഡ്, മുൻ ഇന്ത്യൻ ക്രിക്കറ്റർമാരായ ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ്, ഹർഷ ഭോഗ്ലെ എന്നിവരെല്ലാം വിവാഹചടങ്ങിൽ പങ്കെടുത്തു. പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ ചീഫ് അജിത് അഗാർക്കർ, സെലക്ടർ പ്രഗ്യാൻ ഓജ, മുഹമ്മദ് കൈഫ്, പിയൂഷ് ചൗള, മുൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ യൂസഫ് പത്താൻ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും വിവാഹചടങ്ങിൽ പങ്കെടുത്തു. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, ഐശ്വര റായ് ബച്ചൻ, ഷാരൂഖ് ഖാനും കുടുംബവും അമീർ ഖാനും കുടുംബവും ആശാ ബോസ്ലേ, സോനു നിഗം എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. മുകേഷ് അംബാനി ഭാര്യ നിത അംബാനി ഇവരുടെ മകൻ ആകാശ് ഭാര്യ ശ്ലോക മഹരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ എന്നിവരും വിവാഹചടങ്ങിൽ പങ്കെടുത്തു.
