ഓട്ടവ : അലർജി സാധ്യതയെ തുടർന്ന് കോസ്റ്റ്‌കോ വഴി വിറ്റഴിച്ച “ഡെലിസി ദുബായ് സ്റ്റൈൽ ചോക്ലേറ്റ് ഡെസേർട്ട്” തിരിച്ചുവിളിച്ചു. ആറ് പായ്ക്ക് ചോക്ലേറ്റ് മൗസിൽ കശുവണ്ടി അല്ലെങ്കിൽ മക്കാഡാമിയ നട്സ് അടങ്ങിയിട്ടുണ്ടെന്നും ഇത് ലേബലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹെൽത്ത് കാനഡ അറിയിച്ചു. കൂടാതെ ഈ ഉൽപ്പന്നത്തിൽ പിസ്ത, ബെൽജിയൻ മിൽക്ക് ചോക്ലേറ്റ്, കടായിഫ് എന്നിവ അടങ്ങിയിട്ടുണ്ട്.

കശുവണ്ടി അല്ലെങ്കിൽ മക്കാഡാമിയ നട്സ് ചില ആളുകൾക്ക് അലർജിക്ക് കാരണമാകാം. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും ഹെൽത്ത് കാനഡ പറയുന്നു. 76 ഗ്രാം ഭാരമുള്ള ആറ് പായ്ക്കുകളിലായാണ് ബാധിച്ച ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. കശുവണ്ടിയോ മക്കാഡമിയ നട്‌സോ അലർജി സാധ്യതയുള്ളവർ ഇവ കഴിക്കരുതെന്ന് ഫെഡറൽ ഏജൻസി നിർദ്ദേശിച്ചു. ഡെലിസി ദുബായ് സ്റ്റൈൽ ചോക്ലേറ്റ് ഡെസേർട്ട് കോസ്റ്റ്‌കോ വെയർഹൗസ് സ്റ്റോറിൽ തിരികെ നൽകിയാൽ റീഫണ്ട് ലഭിക്കും.
