Sunday, November 8, 2026

പ്രൊവിന്‍ഷ്യല്‍ ഇമിഗ്രേഷന്‍: 425 തൊഴില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷന്‍ നല്‍കി ആല്‍ബര്‍ട്ട

എഡ്മിന്റന്‍: ആല്‍ബര്‍ട്ട അഡ്വാന്റേജ് ഇമിഗ്രേഷന്‍ പ്രോഗ്രാമിലൂടെ 425 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാനുള്ള ക്ഷണം (ITA) നല്‍കി. ഒക്ടോബര്‍ 23 നും നവംബര്‍ 2 നും ഇടയിലുള്ള ചുരുങ്ങിയ ദിവസങ്ങളില്‍ നടപ്പിലാക്കിയ അഞ്ച് പ്രധാന സെലക്ഷന്‍ റൗണ്ടുകളിലൂടെയാണ് ആല്‍ബര്‍ട്ട ഈ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയത്. പ്രധാനമായും ആരോഗ്യ പരിപാലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍, റൂറല്‍ റിന്യൂവല്‍ സ്ട്രീമിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ആല്‍ബര്‍ട്ട ഓപ്പര്‍ച്യൂണിറ്റി സ്ട്രീമില്‍ യോഗ്യതയുള്ള തൊഴില്‍ വാഗ്ദാനങ്ങള്‍ കൈവശമുള്ളവര്‍ എന്നിവര്‍ക്കാണ് ഈ ഘട്ടത്തില്‍ മുന്‍ഗണന ലഭിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി എഎഐപിക്ക് അപേക്ഷിക്കാം. നോമിനേഷന്‍ ലഭിക്കുന്ന മുറയ്ക്ക് ഫെഡറല്‍ സര്‍ക്കാര്‍ വഴി സ്ഥിരതാമസത്തിന് (Permanent Residence – PR) അപേക്ഷിക്കാന്‍ സാധിക്കും. കാനഡയിലുള്ള നോമിനികള്‍ക്ക് സ്ഥിരതാമസത്തിനായി അപേക്ഷ സമര്‍പ്പിച്ച ശേഷം ബ്രിഡ്ജിംഗ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിനും (BOWP) യോഗ്യതയുണ്ടായിരിക്കും.

ഈ അഞ്ച് സെലക്ഷന്‍ റൗണ്ടുകളില്‍ നാലെണ്ണവും 2026 ലെ ആല്‍ബര്‍ട്ടയുടെ മുന്‍ഗണനാ മേഖലകളായ ആരോഗ്യ പരിപാലനത്തെയും ഗ്രാമീണ വികസനത്തെയുമാണ് കേന്ദ്രീകരിച്ചത്. ഈ ഘട്ടം കൂടിയായതോടെ 2026 ല്‍ ആല്‍ബര്‍ട്ട പ്രവിശ്യ നടപ്പിലാക്കിയ ആകെ സെലക്ഷന്‍ റൗണ്ടുകളുടെ എണ്ണം 95 ആയി ഉയര്‍ന്നു. നവംബര്‍ 4 വരെയുള്ള പ്രവിശ്യാ കണക്കുകള്‍ പ്രകാരം പ്രൊഫൈലുകള്‍ സജീവമായി നിലനിര്‍ത്തിയിരിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളില്‍ നിന്ന് ഇക്കഴിഞ്ഞ മാസങ്ങളില്‍ 14,584 ലധികം പേര്‍ക്കാണ് ആകെ അപേക്ഷിക്കാനുള്ള ക്ഷണം നല്‍കിയിട്ടുള്ളത്.

2026-ല്‍ ആല്‍ബര്‍ട്ട ഇതുവരെ 95 സെലക്ഷന്‍ റൗണ്ടുകളിലായി പതിനാലായിരത്തിലധികം ആളുകളെയാണ് ഇമിഗ്രേഷന്‍ പ്രക്രിയകളിലേക്ക് ക്ഷണിച്ചിട്ടുള്ളത്. നവംബര്‍ 4 ലെ കണക്കുകള്‍ പ്രകാരം, പ്രവിശ്യയ്ക്ക് അനുവദിച്ച 6,603 നോമിനേഷന്‍ കോട്ടയില്‍ 6,108 എണ്ണവും (92.5%) ഇതിനകം നല്‍കിക്കഴിഞ്ഞു. ഇനി 495 ഒഴിവുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതുകൂടാതെ ഫിസിഷ്യന്‍മാര്‍ക്കും ഫ്രാങ്കോഫോണ്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കുമായി പ്രത്യേക നോമിനേഷനുകളും ആല്‍ബര്‍ട്ട നല്‍കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!