ഓട്ടവ: സുരക്ഷാ കാരണങ്ങളാലും യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാലും ഇസ്രായേലിലേക്കും ലബനനിലേക്കും കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് കാനഡ താൽക്കാലികമായി നിർത്തിവെച്ചു. നിലവിലെ അക്രമാസക്തമായ അന്തരീക്ഷം കണക്കിലെടുത്ത് മാനുഷിക പരിഗണന മുൻനിർത്തിയാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) ഈ നീക്കം. കാനഡയിൽ തുടരാൻ നിയമപരമായി അനുമതിയില്ലാത്ത വ്യക്തികളെ അവരുടെ ജന്മനാടുകളിലേക്ക് തിരിച്ചയക്കുന്ന നടപടിക്കാണ് സ്റ്റേ. ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധവും ലബനൻ അതിർത്തിയിലെ സംഘർഷങ്ങളും കാരണം ഈ രാജ്യങ്ങളിലെ സാധാരണക്കാരുടെ സുരക്ഷ അപകടത്തിലാണെന്ന് കാനഡ വിലയിരുത്തുന്നു.

എന്നാൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, സുരക്ഷാ ഭീഷണിയുള്ളവർ, യുദ്ധക്കുറ്റവാളികൾ എന്നിവർക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. ഇവരെ നാടുകടത്തുന്ന നടപടികൾ തുടരും. ഗാസയിലെ സാഹചര്യം പരിഗണിച്ച് പലസ്തീൻ പൗരന്മാരെ തിരിച്ചയക്കുന്നത് കാനഡ നേരത്തെ തന്നെ നിർത്തിവെച്ചിരുന്നു. ഇപ്പോൾ ഇത് ഇസ്രായേലിലേക്കും ലബനനിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു രാജ്യത്ത് ആഭ്യന്തര യുദ്ധമോ പ്രകൃതിക്ഷോഭമോ കാരണം സാധാരണ ജീവിതം അസാധ്യമാകുമ്പോൾ, അവിടെ നിന്നുള്ളവരെ നിർബന്ധപൂർവ്വം തിരിച്ചയക്കുന്നത് തടയുന്ന നിയമപരമായ നടപടിയാണിത്. സാഹചര്യം മെച്ചപ്പെടുമ്പോൾ മാത്രമേ ഈ സ്റ്റേ പിൻവലിക്കുകയുള്ളൂ.
