വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടന്റെ നിലപാടിനെതിരെ കടുത്ത പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ഇതിനോടകം തന്നെ അമേരിക്കയും ഇസ്രായേലും ജയിച്ചുകഴിഞ്ഞെന്നും, ഇനി ബ്രിട്ടന്റെ വിമാനവാഹിനി ക്കപ്പലുകൾ തങ്ങൾക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ‘വിൻസ്റ്റൺ ചർച്ചിലിനെപ്പോലെയല്ല’ എന്ന നേരത്തെ നടത്തിയ പരാമർശം അദ്ദേഹം ആവർത്തിച്ചു. ഇറാന്റെ മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ ബ്രിട്ടനിലെ വ്യോമതാവളങ്ങൾ ഉപയോഗിക്കുന്നതിന് സ്റ്റാർമർ ആദ്യം വിസമ്മതിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. “യുദ്ധം ജയിച്ചുകഴിഞ്ഞു കൂടെ ചേരുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല, ഇത് ഞങ്ങൾ ഓർത്തു വെക്കും,” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ അതിന്റെ അയൽരാജ്യങ്ങളോട് ക്ഷമാപണം നടത്തിയതായും കീഴടങ്ങിയതായും ട്രംപ് അവകാശപ്പെട്ടു. എങ്കിലും ഇറാന്റെ മോശം പെരുമാറ്റത്തിന് കടുത്ത തിരിച്ചടി നൽകുമെന്നും മുമ്പ് പരിഗണിക്കാത്ത ലക്ഷ്യസ്ഥാനങ്ങൾ വരെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എസുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും യു.എസ് ബി-1 ലാൻസർ (B-1 Lancer) ബോംബർ വിമാനങ്ങൾക്ക് ബ്രിട്ടനിലെ ആർ.എ.എഫ് ഫെയർഫോർഡ് (RAF Fairford) താവളത്തിൽ ഇറങ്ങാൻ സ്റ്റാർമർ അനുമതി നൽകി. പ്രതിരോധപരമായ ആവശ്യങ്ങൾക്കായി മാത്രമേ ഈ താവളങ്ങൾ ഉപയോഗിക്കാവൂ എന്നാണ് ബ്രിട്ടന്റെ നിബന്ധന.

ബ്രിട്ടൻ തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ‘എച്ച്.എം.എസ് പ്രിൻസ് ഓഫ് വെയിൽസ്’ ഏത് നിമിഷവും പുറപ്പെടാൻ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കൂടുതൽ യുദ്ധ വിമാനങ്ങളെയും മെർലിൻ ഹെലികോപ്റ്ററുകളെയും മേഖലയിലേക്ക് അയച്ചിട്ടുമുണ്ട്. കുവൈറ്റിൽ കൊല്ലപ്പെട്ട ആറ് യുഎസ് സൈനികരുടെ ഭൗതികദേഹങ്ങൾ ഏറ്റുവാങ്ങാൻ ശനിയാഴ്ച ഡെലവെയറിലെ ഡോവർ എയർഫോഴ്സ് ബേസിൽ ട്രംപ് എത്തിയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അതേ സമയം യു.എസിൻ്റെ ആവശ്യത്തോട് തന്റെ സർക്കാർ വൈകിയാണ് പ്രതികരിച്ചതെന്ന ആരോപണങ്ങളെ പ്രധാനമന്ത്രി കിയെർ സ്റ്റാർമർ തള്ളി. ജനുവരി മുതൽ തന്നെ പശ്ചിമേഷ്യയിലേക്ക് കൂടുതൽ സൈനികരെയും ആയുധങ്ങളും അയച്ചിട്ടുണ്ടെന്നും പ്രതിരോധ നടപടികൾ കൃത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
