മൺട്രിയോൾ: ജനിതക വൈകല്യം മൂലം പ്രതിരോധശേഷി തകരാറിലാകുന്ന ക്രോണിക് ഗ്രാനുലോമാറ്റസ് ഡിസീസ് (CGD) ബാധിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകെണ്ടുവന്ന് പുതുചികിത്സ. ലോകത്തിലാദ്യമായാണ് ഈയൊരു രോഗം പൂർണമായും ഭേദപ്പെടുന്നത്. രോഗി പൂർണ്ണ ആരോഗ്യവാനാണെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ മൺട്രിയോൾ സി.എച്ച്.യു സെയ്ൻ്റ് ജസ്റ്റിൻ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. പ്രൈം എഡിറ്റിംഗ്എന്ന അത്യാധുനിക ജീൻ തെറാപ്പിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ശരീരത്തിലെ വെളുത്ത രക്താണുക്കൾക്ക് ബാക്ടീരിയകളെയും ഫംഗസുകളെയും നശിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ക്രോണിക് ഗ്രാനുലോമാറ്റസ് ഡിസീസ്. ഇതുമൂലം രോഗിക്ക് നിരന്തരം മാരകമായ അണുബാധകൾ ഉണ്ടാവുകയും അവയവങ്ങളുടെ പ്രവർത്തനം തകരാറിലാവുകയും ചെയ്യുന്നു. ഡോ. എലി ഹദ്ദാദും സംഘവുമാണ് ജീൻ എഡിറ്റിംഗ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. രോഗിയുടെ സ്വന്തം സ്റ്റെം സെല്ലുകൾ (Hematopoietic stem cells) ശരീരത്തിന് പുറത്തെടുത്ത്, അതിലെ തകരാറിലായ ജനിതക കോഡുകൾ മാത്രം തിരുത്തി തിരികെ ശരീരത്തിൽ നിക്ഷേപിക്കുന്ന രീതിയാണിത്. സാധാരണയായി ഇത്തരം രോഗങ്ങൾക്ക് ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻആണ് ചെയ്യാറുള്ളത്. എന്നാൽ ഇതിൽ ശരീരം മറ്റൊരാളുടെ മജ്ജ നിരസിക്കാൻ സാധ്യതയുണ്ട്. പ്രൈം എഡിറ്റിംഗിൽ രോഗിയുടെ സ്വന്തം കോശങ്ങൾ തന്നെ ഉപയോഗിക്കുന്നതിനാൽ ‘റിജക്ഷൻ’എന്ന പേടി വേണ്ട.

ചികിത്സ കഴിഞ്ഞ് ഒരു വർഷത്തിന് ശേഷവും 18-കാരനായ രോഗിക്ക് യാതൊരുവിധ അണുബാധകളും റിപ്പോർട്ട് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ 75 ശതമാനം വെളുത്ത രക്താണുക്കളും ഇപ്പോൾ പൂർണ്ണ ആരോഗ്യത്തോടെ പ്രവർത്തിക്കുന്നു. ഇതൊരു വിപ്ലവമാണെന്നും ജനിതക വൈകല്യത്തെ നമുക്ക് പൂർണ്ണമായും തിരുത്താൻ കഴിയുമെന്ന് ഇത് തെളിയിക്കുന്നതായും യാഥാർത്ഥ്യമാണ് ഞങ്ങൾ ഇപ്പോൾ ലോകത്തിന് മുന്നിൽ കാണിക്കുന്നതെന്നും ഡോ. എലി ഹദ്ദാദ് പറഞ്ഞു. ഈ ചികിത്സാ വിജയം കാൻസർ ഉൾപ്പെടെയുള്ള മറ്റ് മാരകമായ ജനിതക രോഗങ്ങൾക്കുള്ള പ്രതിവിധി കണ്ടെത്തുന്നതിലും വലിയൊരു വഴിത്തിരിവാകുമെന്ന് കരുതപ്പെടുന്നു. ഇതിനോടകം രണ്ടാമതൊരു രോഗിയിൽ കൂടി ഈ ചികിത്സാ രീതി പരീക്ഷിച്ച് വരികയാണ്.
