ടെഹ്റാന്: ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വിയോഗത്തിന് പിന്നാലെ, വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്റെ രഹസ്യ സായുധ സംഘങ്ങളോട് സജീവമാകാന്‍ ഇറാന് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഈ വിവരം പങ്കുവെച്ചത്. ഖാംനഈയുടെ മരണശേഷം ഇറാനില്‍ ഉടലെടുത്ത അനിശ്ചിതാവസ്ഥയ്ക്കിടെ, മുന്‍കൂട്ടി നിശ്ചയിച്ച ‘ഓപ്പറേഷണല്‍ ട്രിഗര്‍’ സന്ദേശം ഇറാന് കൈമാറിയതായാണ് സൂചനകള്‍.
ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (IRGC) കീഴിലുള്ള ഖുദ്സ് ഫോഴ്സാണ് ഇത്തരം സ്ലീപ്പര്‍ സെല്ലുകളെ നിയന്ത്രിക്കുന്നത്. ഇസ്രായേല്‍, അമേരിക്ക തുടങ്ങിയ ശത്രുരാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയോ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയോ ആണ് ഇവരുടെ പ്രധാന ദൗത്യം. ഇറാന് നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിന് പകരം പ്രോക്സി ഗ്രൂപ്പുകളെ ഉപയോഗിച്ചാണ് ഇത്തരം നീക്കങ്ങള്‍ നടത്താറുള്ളത്. നിലവിലെ ആഗോള സാഹചര്യത്തില്‍, ഈ സന്ദേശം കൈമാറിയത് പാശ്ചാത്യ രാജ്യങ്ങളെയും അവരുടെ സഖ്യകക്ഷികളെയും അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്.

അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളില്‍ ഇറാന്റെ സ്വാധീനമുള്ള സായുധ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കും സൈനിക താവളങ്ങള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതായി നിരീക്ഷകര്‍ കരുതുന്നു.
