വാഷിങ്ടണ്‍: അമേരിക്കന്‍ എണ്ണ ശുദ്ധീകരണ മേഖലയില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 300 ബില്യണ്‍ ഡോളര്‍ (ഏകദേശം 27.5 ലക്ഷം കോടി രൂപ) ചെലവിട്ട് ടെക്സാസില്‍ കൂറ്റന്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാനാണ് നീക്കം. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിലൊന്നായി ഇത് മാറും. യുഎസ് കമ്പനിയായ ‘അമേരിക്ക ഫസ്റ്റ് റിഫൈനിങ്’, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് ഈ വന്‍ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ പുതിയ എണ്ണ ശുദ്ധീകരണശാലയായിരിക്കും ഇത്. ടെക്സാസിലെ പ്രധാന ഷിപ്പിങ് ഹബ്ബായ പോര്‍ട്ട് ഓഫ് ബ്രൗണ്‍സ്വില്ലിലായിരിക്കും റിഫൈനറി സ്ഥാപിക്കുക. ലോകത്തിലെ ഏറ്റവും അത്യാധുനികമായ സംസ്‌കരണ ശാലയായിരിക്കും ഇതെന്നാണ് അവകാശവാദം.

അമേരിക്കയുടെ ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുക, ദേശീയ സുരക്ഷ ശക്തമാക്കുക, വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. സൗത്ത് ടെക്സാസ് മേഖലയില്‍ വന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ നിക്ഷേപം വഴിയൊരുക്കും. ആഭ്യന്തര വിപണിയില്‍ ആവശ്യമായ ഇന്ധനം എത്തിക്കുന്നതിനൊപ്പം വന്‍തോതില്‍ കയറ്റുമതിയും പദ്ധതി ലക്ഷ്യമിടുന്നു. ഇതോടെ ഊര്‍ജ്ജ മേഖലയില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
