ഓട്ടവ : വ്യാജ പാസ്‌പോർട്ടുമായി യുഎസിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് കനേഡിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി ആർസിഎംപി റിപ്പോർട്ട് ചെയ്തു. ഒൻ്റാരിയോയിലെ ഫോർട്ട് എറിയിലുള്ള പീസ് ബ്രിഡ്ജ് പോർട്ട് ഓഫ് എൻട്രിയിൽ നടന്ന ബോർഡർ സർവീസസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് കെബെക്ക് സ്വദേശികൾ പിടിയിലായത്. സിബിഎസ്‌എ പരിശോധനയ്ക്കിടെ ഇവരിൽ നിന്നും ആറ് വ്യാജ പാസ്‌പോർട്ടുകൾ, ഏകദേശം 24,000 ഡോളർ മൂല്യമുള്ള യുഎസ്, കനേഡിയൻ കറൻസി, 84 ക്രെഡിറ്റ്, ഡെബിറ്റ്, ഗിഫ്റ്റ് കാർഡുകൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തിയതായി ആർസിഎംപി അറിയിച്ചു. കെബെക്ക് ഗ്രാൻബിയിൽ നിന്നുള്ള ഡൊമെനിക്കോ ചെറൂബിനി (51), മൺട്രിയോൾ സ്വദേശികളായ മിൻ ന്യൂയെൻ (40), ക്രിസ്റ്റ്യൻ എൻഡിസെയെ (33) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ ആർസിഎംപിയുടെ നയാഗ്ര-ഓൺ-ദി-ലേക്ക് ബോർഡർ ഇന്‍റഗ്രിറ്റി യൂണിറ്റ് അന്വേഷണം ഏറ്റെടുത്തു. വ്യാജ രേഖകൾ കൈവശം വയ്ക്കൽ, മോഷ്ടിച്ച ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
