ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കും. ബംഗാളിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ തന്നെ ഔദ്യോഗിക വിജ്ഞാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തിന് പുറമെ തമിഴ്നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇത്തവണ വോട്ടെടുപ്പ് നടക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. കേരളത്തില്‍ വിഷുവും വേനല്‍ച്ചൂടും പരിഗണിച്ച് ഏപ്രില്‍ പകുതിയോടെ വോട്ടെടുപ്പ് നടത്താനാണ് സാധ്യത. ബംഗാളില്‍ അഞ്ച് ഘട്ടങ്ങളിലായും അസമില്‍ മൂന്ന് ഘട്ടങ്ങളിലായും തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. വിവിധ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കങ്ങളും വിലയിരുത്തിക്കഴിഞ്ഞു.
