ബേണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ യുഎസ് യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കി സ്വിറ്റ്സര്‍ലന്‍ഡ്. ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലന്‍ഡ് അനുമതി നിഷേധിച്ചത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയ്ക്കായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധക്കപ്പലുകള്‍ അയക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഫ്രാന്‍സ് ഔദ്യോഗികമായി നിഷേധിച്ചു. തങ്ങളുടെ പടക്കപ്പലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ തന്നെ തുടരുകയാണെന്നും ഹോര്‍മുസിലേക്ക് അയച്ചിട്ടില്ലെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഭീതി പരത്തുന്ന പ്രസ്താവനകളില്‍ നിന്ന് അമേരിക്ക പിന്മാറണമെന്നും ഫ്രാന്‍സ് ആവശ്യപ്പെട്ടു.

അതേസമയം, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കയുമായും ഇസ്രയേലുമായും ബന്ധമുള്ള കപ്പലുകളെ മാത്രമാണ് തടയുന്നതെന്നും അയല്‍രാജ്യങ്ങളുമായി ഇറാന്‍ യുദ്ധത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാവുകയാണ്.
