മുംബൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിച്ചുചാട്ടവും ഇന്ത്യന്‍ ഓഹരി വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഹോര്‍മുസ് കടലിടുക്കിലെ ഭാഗിക ഉപരോധവും സംഘര്‍ഷം കനത്തതും ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളര്‍ എന്ന നിര്‍ണ്ണായക പരിധി കടക്കാന്‍ കാരണമായി. ഈ സാഹചര്യം മുന്‍നിര്‍ത്തി മാര്‍ച്ച് മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 52,704 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ (FPI) ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

രൂപയുടെ മൂല്യം 92 എന്ന റെക്കോര്‍ഡ് താഴ്ന്ന നിലവാരത്തിലേക്ക് ദുര്‍ബലമായതും യുഎസ് ബോണ്ട് യീല്‍ഡ് വര്‍ദ്ധിച്ചതും നിക്ഷേപകരെ സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു. പശ്ചിമേഷ്യയിലെ യുദ്ധഭീഷണി മൂലം സ്വര്‍ണ്ണവിലയും കുതിച്ചുയരുകയാണ്; ഇന്ത്യയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഗ്രാമിന് 15,966 രൂപ എന്ന റെക്കോര്‍ഡ് നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. ഐടി മേഖലയില്‍ നിന്ന് മാത്രം 74,700 കോടി രൂപ പിന്‍വലിക്കപ്പെട്ടത് വിപണിയില്‍ വലിയ ചലനമുണ്ടാക്കി. എങ്കിലും ടെലികോം, എണ്ണ-വാതകം തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപകര്‍ താല്പര്യം നിലനിര്‍ത്തുന്നുണ്ട്. നാലാം പാദ സാമ്പത്തിക ഫലങ്ങള്‍ അനുകൂലമായാല്‍ വിപണി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് വിദഗ്ധര്‍.
