കൊച്ചി: കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരിയില്‍ തന്നെ തിരിച്ചിറക്കി. ദുബായ് വിമാനത്താവളത്തിന് സമീപമുണ്ടായ സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. നിലവില്‍ യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. ദുബായ്യിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാലുടന്‍ ഇന്ന് തന്നെ യാത്ര പുനരാരംഭിക്കുമെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ ദുബായ് വിമാനത്താവളത്തിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. ആക്രമണത്തില്‍ എയര്‍പോര്‍ട്ടിന് സമീപത്തെ എണ്ണ ടാങ്കിന് തീപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നുള്ള വിമാനം തിരിച്ചിറക്കാന്‍ തീരുമാനിച്ചത്.
