ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ മന്ത്രി ജി. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നു. യുഡിഎഫ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ സജീവമായ അദ്ദേഹം പ്രമുഖ വ്യക്തികളെയും സമുദായ നേതാക്കളെയും നേരില്‍ കണ്ട് പിന്തുണ തേടുകയാണ്. ഇതിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സുധാകരന്‍ സന്ദര്‍ശിച്ചു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച വെള്ളാപ്പള്ളി നടേശന്‍, സുധാകരന്‍ തന്റെ നിലപാടുകള്‍ വിശദീകരിച്ചതായും മത്സരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് അറിയിച്ചതായും പറഞ്ഞു. എന്നാല്‍ സുധാകരന്‍ തന്നോട് വോട്ട് ചോദിക്കുകയോ പിന്തുണ തേടുകയോ ചെയ്തിട്ടില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സുധാകരന് യുഡിഎഫ് പിന്തുണ നല്‍കുന്നതിനെക്കുറിച്ച് പ്രത്യേക അഭിപ്രായമില്ലെന്ന് പറഞ്ഞ അദ്ദേഹം, രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. സിപിഎമ്മുമായുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ചാണ് സുധാകരന്‍ ഇത്തവണ ജനവിധി തേടുന്നത്.
