കോട്ടയം: യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക ധാരണയായി. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍, ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അടുത്ത തവണ ഇവ കേരള കോണ്‍ഗ്രസിന് തന്നെ തിരിച്ചുനല്‍കണമെന്ന കര്‍ശന ഉപാധിയോടെയാണ് സീറ്റുകള്‍ കൈമാറിയത്. ഇത്തവണ ആകെ എട്ട് സീറ്റുകളിലാകും ജോസഫ് വിഭാഗം ജനവിധി തേടുക.

കുട്ടനാട്, പൂഞ്ഞാര്‍ സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് ഗ്രൂപ്പ്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫ് എംഎല്‍എ തന്നെ വീണ്ടും മത്സരിക്കും. അതേസമയം, തൊടുപുഴയില്‍ പി.ജെ. ജോസഫ് തന്നെ മത്സരിക്കണമോ അതോ മകന് അപു ജോസഫിനെ ഇറക്കണമോ എന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. തൊടുപുഴ ഒഴികെയുള്ള ഏഴ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഏറ്റുമാനൂരും ഇടുക്കിയും ഏറ്റെടുത്തതിലൂടെ മധ്യകേരളത്തില്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
