ടൊറൻ്റോ : വസന്തത്തിൻ്റെ ഔദ്യോഗിക തുടക്കത്തിന് മുന്നോടിയായി അതിശൈത്യ കാലാവസ്ഥയിലേക്ക് വീണ്ടും ചുവടുവെച്ച് ടൊറൻ്റോ. നഗരത്തിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും (ജിടിഎ) ഇന്ന് രാവിലെ മുതൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറൻ്റോയിൽ ഇന്ന് രാവിലെ കാറ്റിനൊപ്പം മൈനസ് 20-ന് അടുത്തായിരിക്കും താപനില. കഠിനമായ തണുപ്പിനൊപ്പം മണിക്കൂറിൽ 70-90 കി.മീ വേഗത്തിൽ കാറ്റ് വീശിയടിക്കും. ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുന്നതിനും ഒറ്റപ്പെട്ട വൈദ്യുതി മുടക്കത്തിനും കാരണമാകും.

ഇന്നലെ ടൊറൻ്റോയുടെ ചില ഭാഗങ്ങളിൽ രണ്ട് മുതൽ നാല് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിരുന്നു. അതേസമയം ചൊവ്വാഴ്ച രാവിലെ മുതൽ ബാരി, ഇന്നിസ്ഫിൽ, ഓറഞ്ച് വിൽ, ഒറിലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ടൊറൻ്റോയിൽ മൈനസ് നാല് ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 17 ഡിഗ്രി സെൽഷ്യസ് വരെയായി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. ചൊവ്വാഴ്‌ച അതിരാവിലെ മുതൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് വീശും. ജിടിഎയിൽ മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗം കൈവരിക്കും. എന്നാൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞും വൈകുന്നേരവും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും.
