ഓട്ടവ: ചൈനീസ് വ്യോമ-നാവിക സേനകളെ സഹായിക്കുന്ന പൈലറ്റ് പരിശീലന കമ്പനിയിൽ സേവനമനുഷ്ഠിച്ചുവെന്ന കാരണത്താൽ മുൻ കാനഡ സ്നോബേർഡ് പൈലറ്റിന്റെ പാസ്‌പോർട്ട് സർക്കാർ റദ്ദാക്കി. കനേഡിയൻ സായുധ സേനയിൽ 21 വർഷത്തോളം ക്യാപ്റ്റനായി പ്രവർത്തിച്ച ജെയ്‌സൺ മൈൽസ് ഇൻഗ്രാമിനെതിരെയാണ് നടപടി. കാനഡയുടെയും സഖ്യകക്ഷിയായ യുഎസിന്റെയും തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ചൈനയ്ക്ക് കൈമാറാൻ സാധ്യതയുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് പബ്ലിക് സേഫ്റ്റി മിനിസ്റ്റർ പാസ്‌പോർട്ട് റദ്ദാക്കിയത്.
സൗത്ത് ആഫ്രിക്കൻ ടെസ്റ്റ് ഫ്ലൈയിങ് അക്കാദമിയുടെ (TFASA) പാരന്റ് കമ്പനിയിൽ ഇൻസ്ട്രക്ടറായി ജോലി ചെയ്തതിനെത്തുടർന്നാണ് നടപടിയെന്ന് ഫെഡറൽ കോടതിയിൽ നൽകിയ അപ്പീൽ നോട്ടീസിൽ മൈൽസ് ഇൻഗ്രാം വ്യക്തമാക്കി. ഈ കമ്പനി വഴി നാറ്റോ പൈലറ്റുമാരുടെ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ചൈനീസ് സൈന്യത്തിന് (PLA) ലഭിക്കുന്നുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ താൻ തന്ത്രപ്രധാനമായ വിവരങ്ങളൊന്നും കൈമാറിയിട്ടില്ലെന്നും തന്റെ തൊഴിൽ അവകാശത്തെ സർക്കാർ തടഞ്ഞുവെന്നും ഇൻഗ്രാം അപ്പീലിൽ വാദിക്കുന്നു.

2024 ഡിസംബറിൽ ബീജിങ്ങിൽൽ നിന്ന് ന്യൂസിലൻഡിലേക്ക് യാത്ര ചെയ്യാനൊരുങ്ങവെയാണ് തന്റെ പാസ്‌പോർട്ട് റദ്ദാക്കിയ വിവരം ഇൻഗ്രാം അറിയുന്നത്. പാസ്‌പോർട്ട് തിരികെ നൽകണമെന്ന ഇദ്ദേഹത്തിന്റെ അപേക്ഷ 2026 ജനുവരി 16-ന് കനേഡിയൻ സർക്കാർ തള്ളിയിരുന്നു. പാസ്‌പോർട്ട് ഇല്ലാത്തത് പൈലറ്റ് എന്ന നിലയിലുള്ള തന്റെ കരിയറിനെ പൂർണ്ണമായും നശിപ്പിച്ചുവെന്നും കുടുംബത്തെ സംരക്ഷിക്കാനുള്ള വരുമാന മാർഗ്ഗം ഇല്ലാതാക്കിയെന്നും ഇൻഗ്രാം അപ്പീലിൽ ചൂണ്ടിക്കാട്ടി.
അതേസമയം, നിയമവിരുദ്ധമായി യുഎസ് സൈനിക സാങ്കേതികവിദ്യ ചൈനയിലേക്ക് കടത്താൻ ടിഎഫ്‌എഎസ്എ (TFASA) ശ്രമിക്കുന്നുണ്ടെന്ന് യുഎസ് അറ്റോർണി ജീനിൻ പിറോ പറഞ്ഞു. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്നും യാതൊരുവിധ നാറ്റോ വിവരങ്ങളും ലംഘിക്കപ്പെട്ടിട്ടില്ലെന്നുമാണ് കമ്പനിയുടെ വിശദീകരണം. പൈലറ്റിന്റെ അപ്പീലിൽ കാനഡയിലെ പബ്ലിക് സേഫ്റ്റി ആൻഡ് എമർജൻസി പ്രിപ്പേർഡ്‌നെസ് മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
