തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.സുധാകരന് സീറ്റില്ല. ടി.ഒ.മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിക്കും. എംപിമാർ മൽസരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എംപിമാർ നിയമസഭാതിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പാർട്ടി നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും സുധാകരൻ അത് മറികടന്ന് പ്രതിഷേധമുയർത്തുകയായിരുന്നു. നിർണായക ഘട്ടങ്ങളിൽ പാർട്ടിയെ ഇത്തരത്തിൽ പ്രതിരോധത്തിലാക്കുന്നത് പ്രവർത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തി. അതേസമയം, സ്ഥാനാർഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മൽസരിക്കുമോ എന്നതിൽ സുധാകരൻ ഇന്ന് നിലപാട് അറിയിക്കുമെന്ന് അറിയുന്നു. പ്രവർത്തക സമിതി അംഗത്വം സുധാകരൻ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്.

പെരുമ്പാവൂർ സീറ്റിൻറെ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലം മണ്ഡലകാര്യത്തിലും ഖർഗെ തീരുമാനമെടുക്കും. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് തന്നെ മൽസരിച്ചേക്കുമെന്നറിയുന്നു. കടുത്ത സമ്മർദമാണ് ഷിയാസിനായി വി.ഡി.സതീശൻ ചെലുത്തിയത്. അതേ സമയം ദീപ്തി മേരി വർഗീസിനെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു കെ.സി.വേണുഗോപാലിൻറെ നിലപാട്. കോന്നിയിൽ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകും. വാമനപുരത്ത് സുധീർഷാ പാലോട്, നെയ്യാറ്റിൻകരയിൽ എൻ. ശക്തൻ, നേമത്ത് ശബരീനാഥൻ, ആറന്മുളയിൽ അബിൻ വർക്കി, റാന്നിയിൽ പഴകുളം മധു, ഇടുക്കിയിൽ റോയി കെ. പൗലോസ്, ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് എന്നിവരും മൽസരിക്കുമെന്നാണ് സൂചന.
