Saturday, March 21, 2026

ആഗോള എണ്ണവിപണിയിൽ വൻ മാറ്റം; ഇറാൻ എണ്ണയ്ക്കുള്ള ഉപരോധത്തിൽ ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: ആഗോള വിപണിയിൽ കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില നിയന്ത്രിക്കാനായി ഇറാനുമേലുള്ള എണ്ണ ഉപരോധത്തിൽ താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. കടലിൽ കപ്പലുകളിൽ വിൽക്കാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുന്ന ഇറാനിയൻ എണ്ണ വിറ്റഴിക്കാനാണ് യുഎസ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഒരു മാസത്തേക്കാണ് ഈ താൽക്കാലിക ഇളവ്.

ഉപരോധം കാരണം ടാങ്കറുകളിൽ കെട്ടിക്കിടക്കുന്ന 140 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ ഈ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ സ്റ്റോക്കുള്ള എണ്ണയ്ക്ക് മാത്രമാണ് ഇളവ്. പുതിയ രീതിയിലുള്ള എണ്ണ ഖനനത്തിനോ ഉൽപ്പാദനത്തിനോ അനുമതിയില്ലെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് വ്യക്തമാക്കി.

യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ പോയ സാഹചര്യത്തിലാണ് വിപണിയിൽ എണ്ണ ലഭ്യത കൂട്ടി വില കുറയ്ക്കാനുള്ള ഈ നീക്കം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ എണ്ണ വിതരണത്തിൽ 10-14 മില്യൺ ബാരലിന്റെ കുറവുണ്ടായിരുന്നു. ഈ പ്രതിസന്ധി മറികടക്കാനാണ് അമേരിക്കയുടെ തന്ത്രപരമായ നീക്കം. സമാനമായ രീതിയിൽ റഷ്യൻ എണ്ണ വിൽക്കാനും നേരത്തെ യുഎസ് അനുമതി നൽകിയിരുന്നു.

അമേരിക്കയുടെ ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന വലിയ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ആഗോള വിപണിയിൽ ഏകദേശം 440 ദശലക്ഷം ബാരൽ എണ്ണ എത്തിച്ച് വില സ്ഥിരപ്പെടുത്താനാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഇതോടെ ഹോർമുസ് കടലിടുക്ക് അടച്ച് വിപണിയെ സമ്മർദ്ദത്തിലാക്കാനുള്ള ഇറാന്റെ നീക്കത്തിന് തിരിച്ചടിയേൽക്കുമെന്നും അമേരിക്ക കണക്കുകൂട്ടുന്നു. അടുത്ത ആഴ്ചയോടെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ കുറവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!