Sunday, March 22, 2026

നുണയ്ക്ക് നൊബേല്‍ നേടാന്‍ പരിശ്രമിക്കുന്ന വി ഡി സതീശന് മറുപടി പറയുന്നില്ല: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാവിലെ മുതല്‍ രാത്രി വരെ നുണ പറയുന്ന ഒരാളായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നുവെന്നും അതിനാല്‍ സതീശന്റെ ആരോപണങ്ങളില്‍ മറുപടി പറയേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നുണ പറയുന്നതിന് നോബല്‍ സമ്മാനം കിട്ടാന്‍ പരിശ്രമിക്കുന്ന ഒരാളെപ്പോലെയാണ് പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാരാട്ട് റസാഖ് ഇടത് മുന്നണി വിട്ടതുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു എം.വി. ഗോവിന്ദന്റെ ഈ പ്രതികരണം. പ്രതിപക്ഷ നേതാവ് ഓരോ ദിവസവും എട്ടോ ഒന്‍പതോ നുണകള്‍ വീതം പറഞ്ഞുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്‍.ഡി.എഫ് മൂന്നാം ഊഴത്തിലേക്കുള്ള യാത്രയിലാണെന്ന് എം.വി. ഗോവിന്ദന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി ജനങ്ങള്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് നടക്കുന്ന ഒരു വികസനത്തെയും പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചവരാണ് യു.ഡി.എഫ്. വര്‍ഗ്ഗീയത പറയാന്‍ മാത്രമാണ് പ്രതിപക്ഷത്തിന് സാധിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ചില വ്യക്തികള്‍ പാര്‍ട്ടി വിട്ടുപോകുന്നത് സി.പി.ഐ.എമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെറ്റായ നിലപാടുകളുള്ളവര്‍ തിരുത്തല്‍ പ്രക്രിയകള്‍ വരുമ്പോള്‍ സ്വയം പുറത്തുപോകും. അഞ്ചര ലക്ഷം അംഗങ്ങളുള്ള വലിയ പ്രസ്ഥാനമാണിത്. അച്ചടക്കമില്ലാത്തവരെ പാര്‍ട്ടി പുറത്താക്കും. നാലോ അഞ്ചോ പേര്‍ പോകുന്നത് പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കില്ലെന്നും അവരല്ല പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!