ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോളിയം, ക്രൂഡ് ഓയിൽ, വാതകം, ഊർജ്ജം, വളം തുടങ്ങിയ മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുത്ത യോഗം വിഭവങ്ങളുടെ തടസ്സമില്ലാത്ത വിതരണവും സുസ്ഥിരമായ ലോജിസ്റ്റിക്സും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതകൾ തടസ്സപ്പെട്ടത് ആഗോള ഊർജ്ജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇസ്രയേൽ-യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങൾ ഈ മേഖലയെ കൂടുതൽ അശാന്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ആഘാതം ഇന്ത്യയിലും പ്രതിഫലിച്ചു തുടങ്ങി. വ്യാവസായിക ഡീസലിന്റെ വിലയിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയായി ഇത് ഉയർന്നു. ഈ സാഹചര്യത്തിൽ ഊർജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനായി സർക്കാർ സജീവമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
വിപണിയിലെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന വാണിജ്യ എൽപിജിയുടെ അളവ് സർക്കാർ വർധിപ്പിച്ചു. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും മുൻഗണന നൽകാനാണ് നിർദ്ദേശം. ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്കിടയിൽ പിഎൻജി കണക്ഷനുകൾ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, എൽപിജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അധികൃതർ വ്യാപകമായി റെയ്ഡുകൾ നടത്തിവരുന്നു.
