ഓട്ടവ: Vevor ബ്രാൻഡിന്റെ റിട്രാക്റ്റബിൾ ബേബി ഗേറ്റുകൾ കുട്ടികൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ഗേറ്റിനും തറയ്ക്കും ഇടയിലുള്ള വിടവിലൂടെ കുട്ടികളുടെ ശരീരം കുടുങ്ങി ഗുരുതരമായ പരുക്കുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നടപടി. കറുപ്പ്, ചാര, വെള്ള നിറങ്ങളിലുള്ള വിവിധ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.
2023 നവംബർ മുതൽ 2026 മാർച്ച് വരെ കാനഡയിൽ വിറ്റഴിക്കപ്പെട്ട ഏകദേശം 1,660 യൂണിറ്റുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നത്. നിലവിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിൽ ഇവയുടെ ഉപയോഗം ഉടനടി നിർത്താൻ നിർദ്ദേശമുണ്ട്.

ഈ ഉൽപ്പന്നം കൈവശമുള്ളവർ ഗേറ്റിന്റെ വല (Mesh) മുറിച്ചുമാറ്റി അത് നശിപ്പിക്കുകയും, അതിന്റെ ചിത്രം recalling@vevor.com എന്ന വിലാസത്തിലേക്ക് അയച്ചുനൽകുകയും വേണമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. പൂർണ്ണമായ തുക റീഫണ്ട് ലഭിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടാനും അധികൃതർ നിർദ്ദേശിച്ചു.
