ന്യൂയോർക്ക്: ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് നാല് അഗ്നിശമന സേനാംഗങ്ങൾക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച രാത്രി 11:40 ഓടെയാണ് സംഭവം. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. മോൺട്രിയൽ നിന്ന് വന്ന എയർ കാനഡയുടെ ജാസ് എയർലൈൻസ് ബോംബാർഡിയർ CRJ-900 ജെറ്റ് വിമാനം ലാൻഡിങിന് ശേഷം ഗേറ്റിലേക്ക് നീങ്ങുന്നതിനിടെയാണ് റൺവേയിലുണ്ടായിരുന്ന ഫയർ ട്രക്കിൽ ഇടിച്ചത്.
പരുക്കേറ്റ നാല് പേരും പോർട്ട് അതോറിറ്റി പൊലീസ് വിഭാഗത്തിലെ അഗ്നിശമന സേനാംഗങ്ങളാണ്. ഇവരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നൂറോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും ന്യൂയോർക്കിൽ നിന്നുള്ള ഓർത്തഡോക്സ് ജൂതന്മാരായിരുന്നു. യാത്രക്കാരുടെ ആരോഗ്യനില പരിശോധിച്ചു വരികയാണ്. വിമാനത്തിന്റെ മുൻഭാഗം തകരുകയും വായുവിലേക്ക് ചരിഞ്ഞ നിലയിലുമാണ്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ന്യൂയോർക്കിൽ ഞായറാഴ്ച അനുഭവപ്പെട്ട കനത്ത മഴയും മോശമായ കാലാവസ്ഥയും കാഴ്ചപരിധി കുറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥയെക്കുറിച്ച് വിമാനത്താവള അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അപകടത്തെത്തുടർന്ന് വിമാനത്താവളം പൂർണ്ണമായും അടച്ചിടാൻ എഫ്.എ.എ (FAA) ഉത്തരവിട്ടു. വിമാനങ്ങൾ നിലത്തിറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ എയർ കാനഡയും പോർട്ട് അതോറിറ്റിയും അന്വേഷണം ആരംഭിച്ചു.
