മുംബൈ: ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും തകർത്തെറിഞ്ഞ് രൺവീർ സിംഗ് ചിത്രം ‘ധുരന്ധർ 2’ . റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് ലോകമെമ്പാടുനിന്നുമായി ചിത്രം 750 കോടി രൂപ കളക്ഷൻ നേടി. ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലർ ബോക്സ് ഓഫീസിൽ പുതിയ ചരിത്രമാണ് എഴുതുന്നത്.
ആദ്യ നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 454 കോടി രൂപ ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ ‘പത്താൻ’ അഞ്ച് ദിവസം കൊണ്ട് നേടിയ റെക്കോർഡാണ് ധുരന്ധർ 2 വെറും നാല് ദിവസം കൊണ്ട് തകർത്തത്.

ആദ്യ വാരാന്ത്യ കളക്ഷനിൽ ബാഹുബലി 2, Kalki 2898 AD, RRR എന്നീ വമ്പൻ ചിത്രങ്ങളെ ധുരന്ധർ 2 പിന്നിലാക്കി. നിലവിൽ ‘പുഷ്പ 2’ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിംഗ് ചിത്രം ‘ധുരന്ധർ 2 ആയി മാറി കഴിഞ്ഞു
വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം 22 മില്യൺ ഡോളർ ചിത്രം നേടി. വടക്കേ അമേരിക്കയിൽ മാത്രം 9.6 മില്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷനാണ് ലഭിച്ചത്. വെറും മൂന്ന് ദിവസം കൊണ്ട് ‘ബോർഡർ 2’-ന്റെ കളക്ഷൻ മറികടന്ന ഈ ചിത്രം, നിലവിൽ 2026-ൽ ഏറ്റവും കൂടുതൽ പണം വാരിക്കൂട്ടിയ ഇന്ത്യൻ സിനിമയായി മാറി.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ സ്പൈ ത്രില്ലറിൽ രൺവീർ സിംഗിനെ കൂടാതെ ആർ. മാധവൻ, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യ തിങ്കളാഴ്ചയും മികച്ച പ്രകടനം തുടരുകയാണെങ്കിൽ ചിത്രം 1000 കോടി ക്ലബ്ബിൽ എളുപ്പത്തിൽ ഇടംപിടിക്കും. ചിത്രം 2000 കോടി രൂപ എന്ന മാന്ത്രിക സംഖ്യ കടക്കുമെന്നാണ് സിനിമാ ലോകത്തെ വിദഗ്ധരുടെ പ്രവചനം.
ഇന്ത്യൻ സിനിമയിലെ ‘ബോക്സ് ഓഫീസ് സുൽത്താൻ’ ആയി രൺവീർ സിംഗ് മാറുകയാണ്. വരും ദിവസങ്ങളിൽ ചിത്രം ഇനിയും പുതിയ റെക്കോർഡുകൾ സ്ഥാപിക്കാനാണ് സാധ്യത.
