Saturday, November 14, 2026

കൊവിഡ് ആഘാതം തുടരുന്നു; കാനഡയിലെ വിദ്യാർഥികളുടെ പഠനനിലവാരത്തിൽ ഇടിവ്: റിപ്പോർട്ട്

ഓട്ടവ: കൊവിഡ്-19 മഹാമാരിയുടെ സമയത്തുണ്ടായ സ്കൂൾ അടച്ചിടലുകൾ കാനഡയിലെ വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ഇപ്പോഴും ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് പുതിയ ദേശീയ പഠന റിപ്പോർട്ട്. റോയൽ സൊസൈറ്റി ഓഫ് കാനഡ, കനേഡിയൻ കമ്മീഷൻ ഫോർ യുനെസ്കോ, ഓട്ടവ സർവകലാശാല എന്നിവർ സംയുക്തമായി പുറത്തിറക്കിയ പഠനത്തിലാണ് ഈ നിർണ്ണായക കണ്ടെത്തലുകളുള്ളത്.
2014-15 മുതൽ 2024-25 വരെയുള്ള അധ്യയന വർഷങ്ങളിലെ വിവരങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ റിപ്പോർട്ട് തയ്യാറാക്കിയത്. പരിശോധന നടത്തിയ മിക്ക പ്രവിശ്യകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റാൻഡേർഡൈസ്ഡ് പരീക്ഷാ ഫലങ്ങളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഗണിതശാസ്ത്രത്തിലാണ് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ പിന്നോട്ട് പോയതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അടിസ്ഥാന പാഠങ്ങളായ അക്കങ്ങൾ തിരിച്ചറിയാനും വായിക്കാനും പഠിക്കുന്ന പ്രായത്തിലുള്ള ചെറിയ കുട്ടികളെയാണ് സ്കൂൾ അടച്ചിടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് അടിസ്ഥാന അറിവുകൾ നേരത്തെ ലഭിച്ചിരുന്നതിനാൽ അവരെ അപേക്ഷിച്ച് ചെറിയ കുട്ടികളിലാണ് പഠനനഷ്ടം കൂടുതലായി കാണപ്പെടുന്നത്. കൂടാതെ, പല പ്രവിശ്യകളിലും പെൺകുട്ടികളുടെ ഗണിതത്തിലെ പ്രകടനം ആൺകുട്ടികളെ അപേക്ഷിച്ച് പിന്നിലാവുകയും, അവരുടെ പഠനനിലവാരം വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികളെയും പിന്നാക്ക വിഭാഗങ്ങളെയും ഈ പ്രതിസന്ധി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

അതേസമയം, ദേശീയ തലത്തിലുള്ള പരീക്ഷകളിൽ കുട്ടികളുടെ മാർക്ക് കുറഞ്ഞപ്പോൾ, സ്കൂളുകളിൽ അധ്യാപകർ നൽകുന്ന ഗ്രേഡുകളിൽ വർധനവാണ് രേഖപ്പെടുത്തിയത്. പാൻഡെമിക് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അധ്യാപകർ ഉയർന്ന ഗ്രേഡുകൾ നൽകിയത് യഥാർത്ഥ പഠനനഷ്ടത്തിന്റെ വ്യാപ്തി മറച്ചുവെക്കാൻ കാരണമായെന്ന് ഗവേഷകർ വിലയിരുത്തുന്നു.

പഠനത്തിൽ പിന്നോട്ട് പോയവർക്ക് ശാസ്ത്രീയമായ രീതിയിലുള്ള പ്രത്യേക പഠന സഹായങ്ങൾ ലഭ്യമാക്കണമെന്നും, ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടായാൽ സ്കൂളുകൾ സുരക്ഷിതമായി തുറന്നു പ്രവർത്തിക്കുന്നതിന് മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കണമെന്നും റിപ്പോർട്ട് സർക്കാരിനോട് ശുപാർശ ചെയ്യുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!