ഹാലിഫാക്സ്: ഹാലിഫാക്സ് റീജിനൽ മുനിസിപ്പാലിറ്റിയിലെ (HRM) സോൺ 1 (സെൻട്രൽ), സോൺ 2 (നോൺ-സെൻട്രൽ) എന്നിവിടങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ 1 മുതൽ 6 മണി വരെ ശീതകാല പാർക്കിങ് നിരോധനം ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന പ്രവചിച്ചതിനെത്തുടർന്ന് റോഡുകളും നടപ്പാതകളും വൃത്തിയാക്കുന്നതിനായാണ് ഈ നടപടി. നിരോധന സമയത്ത് മുനിസിപ്പൽ തെരുവുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും നടപ്പാതകൾ വൃത്തിയാക്കുന്നതിന് തടസ്സമാകുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്നും എച്ച്ആർഎം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നോവസ്കോഷ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം മഞ്ഞുനീക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന വാഹനങ്ങൾ വർഷത്തിൽ ഏത് സമയത്തും നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ട്. സ്വകാര്യ വസ്തുക്കളിൽ നിന്നുള്ള മഞ്ഞ് പൊതുനടപ്പാതകളിലേക്ക് നീക്കുന്നത് ഹാലിഫാക്സ് ബൈലോ പ്രകാരം നിയമലംഘനമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു. നടപ്പാതകൾക്ക് സമീപമുള്ള ചെടിച്ചട്ടികൾ, അലങ്കാര വസ്തുക്കൾ എന്നിവ നീക്കം ചെയ്യണമെന്നും സ്ഥിരമായ വസ്തുക്കളിൽ മഞ്ഞുനീക്കൽ തൊഴിലാളികൾക്ക് കാണാൻ പാകത്തിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്.
ശീതകാല പാർക്കിങ് നിരോധനം 2026 മാർച്ച് 31 വരെ തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഓരോ വിലാസവും ഏത് സോണിലാണെന്ന് അറിയാൻ ഔദ്യോഗിക വെബ്സൈറ്റിലെ ഇൻ്ററാക്ടീവ് ടൂൾ ഉപയോഗിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കായി തത്സമയ നോട്ടിഫിക്കേഷൻ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾ halifax.ca/snow എന്ന വെബ്സൈറ്റിലോ 311 എന്ന നമ്പറിൽ വിളിച്ചോ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
