ഓട്ടവ: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ പോർട്ടർ എയർലൈൻസ് തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒട്ടാവയ്ക്കും ഹാമിൽട്ടണിനും ഇടയിൽ പുതിയ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന വേനൽക്കാല യാത്രാത്തിരക്ക് പരിഗണിച്ച് ജൂൺ 22 മുതലാണ് ഈ സർവീസ് ആരംഭിക്കുന്നത്. ദിവസേന രണ്ട് സർവീസുകളാണ് ഉണ്ടാവുക. ഒന്ന് രാവിലെയും മറ്റൊന്ന് ഉച്ചകഴിഞ്ഞും. ഏകദേശം ഒരു മണിക്കൂർ മാത്രമാണ് യാത്രാ സമയം. ഹാമിൽട്ടണിൽ നിന്ന് ഓട്ടവ വഴി അറ്റ്‌ലാന്റിക് കാനഡയിലേക്കും യു.എസ്. ഈസ്റ്റ് കോസ്റ്റിലെ നഗരങ്ങളായ ബോസ്റ്റൺ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ ലഭ്യമാകും. ഓട്ടവയിലുള്ളവർക്ക് നയാഗ്ര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഹാമിൽട്ടണിലെ പ്രശസ്തമായ ഭക്ഷണശാലകളിലേക്കും നേരിട്ട് എത്താൻ ഈ സർവീസ് സഹായിക്കും.

ഹാമിൽട്ടൺ സർവീസിന് പുറമെ മെയ് മാസത്തിൽ മറ്റ് പ്രധാന നഗരങ്ങളിലേക്കും പോർട്ടർ സർവീസ് വ്യാപിപ്പിക്കുന്നുണ്ട്. മെയ് 1ന് ഓട്ടവയിൽ നിന്ന് വിൻഡ്‌സർ, സഡ്‌ബറി എന്നിവിടങ്ങളിലേക്കും മെയ് 13 ന് ഓട്ടവയിൽ നിന്ന് കെലോണയിലേക്കും ജൂൺ 10 ന് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലേക്കുമുള്ള സർവീസുകളുടെ എണ്ണവും വർധിപ്പിക്കും. ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹാമിൽട്ടൺ വിമാനത്താവളം വഴിയുള്ള ഈ പുതിയ സർവീസുകൾ വലിയ ആശ്വാസമാകും. പുതിയ മൺട്രിയോൾ മെട്രോപൊളിറ്റൻ എയർപോർട്ടിലേക്കും ഹാമിൽട്ടണിൽ നിന്ന് സർവീസ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
