മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. പ്രമുഖ ടീമുകളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (RCB) രാജസ്ഥാന്‍ റോയല്‍സും റെക്കോര്‍ഡ് തുകയ്ക്ക് പുതിയ ഉടമസ്ഥര്‍ സ്വന്തമാക്കി. ആര്‍സിബിയെ 16,660 കോടി രൂപയ്ക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ് വാങ്ങിയത്. മദ്യനിര്‍മ്മാണ കമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡില്‍ നിന്നാണ് ബിര്‍ള ഗ്രൂപ്പ് ടീമിനെ ഏറ്റെടുത്തത്.
അതേസമയം, രാജസ്ഥാന്‍ റോയല്‍സിനെ യുഎസ് ആസ്ഥാനമായുള്ള പ്രമുഖ സ്പോര്‍ട്സ് നിക്ഷേപക സ്ഥാപനം 15,290 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. അമേരിക്കയിലെ വിവിധ സ്പോര്‍ട്സ് ലീഗുകളില്‍ ടീമുകളുള്ള കമ്പനികള്‍ ചേര്‍ന്ന കണ്‍സോഷ്യമാണ് രാജസ്ഥാനെയും ഏറ്റെടുത്തിരിക്കുന്നത്. ഐപിഎല്‍ ടീമുകളുടെ വിപണിമൂല്യം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന സമയത്താണ് ഈ വമ്പന്‍ കൈമാറ്റങ്ങള്‍ നടന്നിരിക്കുന്നത്.

ഭാവിയില്‍ വരുമാനത്തില്‍ ഉണ്ടായേക്കാവുന്ന കുറവ് മുന്‍കൂട്ടി കണ്ടാണ് നിലവിലെ ഉടമകള്‍ ഓഹരികള്‍ വിറ്റൊഴിയുന്നതെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ഐപിഎല്‍ ടീമുകളുടെ വരുമാനത്തിന്റെ 80 ശതമാനവും ലഭിക്കുന്നത് സെന്‍ട്രല്‍ പൂളില്‍ നിന്നുള്ള മീഡിയ റൈറ്റ്സ് വഴിയാണ്. നിലവിലെ കരാര്‍ 2027-ല്‍ അവസാനിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംപ്രേക്ഷണാവകാശ ലേലത്തില്‍ സ്റ്റാര്‍ സ്പോര്‍ട്സും ജിയോയും ലയിച്ച സാഹചര്യത്തില്‍ വലിയ മത്സരം ഉണ്ടാകില്ലെന്നും, ഇത് വരുമാന വളര്‍ച്ചയെ ബാധിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ടീമുകള്‍ വരും ദിവസങ്ങളില്‍ ഓഹരി വില്‍പനയ്ക്ക് തയ്യാറായേക്കും.
